മണ്ഡലകാലത്ത് മലചവിട്ടുമെന്ന് തൃപ്തി ദേശായി

single-img
6 November 2018

ശബരിമലയില്‍ ഭക്തര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാരും പൊലീസും പരാജയപ്പെട്ടെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. സ്ത്രീകള്‍ ഭയന്നിട്ടാണ് ശബരിമയില്‍ എത്താന്‍ മടിക്കുന്നത്. യുവതികള്‍ ആവശ്യപ്പെടാതെ തന്നെ സുരക്ഷ ഒരുക്കേണ്ടതുണ്ട്. മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുമെന്നും തൃപ്തി ദേശായി പറഞ്ഞു.

സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ്പിക്കും കത്തയക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു തൃപ്തി പറഞ്ഞു. ചിത്തിര ആട്ടവിശേഷത്തിനു ശേഷം ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശബരിമല നടയടക്കും. ശേഷം നവംബര്‍17 നാണ് മണ്ഡലപൂജകള്‍ക്കായി ഇനി ക്ഷേത്രം തുറക്കുക.

17 ാം തിയതി കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സംരക്ഷണം ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും തൃപ്തി പറഞ്ഞു.

അതേസമയം ഇന്ന് രാവിലെ ദര്‍ശനത്തിനെത്തിയ രണ്ട് സ്ത്രീകള്‍ക്കെതിരെ 50 വയസ്സില്‍ താഴെ പ്രായമുണ്ടെന്ന സംശയത്തില്‍ നടപ്പന്തലില്‍ തീര്‍ത്ഥാടകരില്‍ നിന്നും പ്രതിഷേധം നേരിട്ടിരുന്നു. വന്‍പ്രതിഷേധത്തിനിടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന തൃശൂര്‍ സ്വദേശി ലളിതയ്ക്ക് സന്നിധാനത്തെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.

പതിനെട്ടാംപടിയിലും കുത്തിയിരുന്ന് തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചു. 52 വയസ്സുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഈ പ്രതിഷേധം അവസാനിച്ചത്. തുടര്‍ന്ന് തൃശൂര്‍ സ്വദേശിനി ദര്‍ശനം നടത്തിയ ശേഷം മടങ്ങുകയായിരുന്നു.