പൊലീസിന്റെ കണക്ക് കൂട്ടല്‍ തെറ്റിച്ച് ശബരിമല കയ്യടക്കി ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍; ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി വത്സന്‍ തില്ലങ്കേരി; പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞ് നിന്ന് പ്രസംഗവും

single-img
6 November 2018

ശബരിമല പൂര്‍ണ പൊലീസ് ബന്തവസാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പ്രതിഷേധങ്ങളുടെ നിയന്ത്രണം ബി.ജെപി, ആര്‍.എസ്.എസ് നേതാക്കളുടെ കൈയിലാണ്. ഇന്നു രാവിലെ ഭക്തരെ നിയന്ത്രിക്കാന്‍ സന്നിധാനത്ത് മുന്‍നിരയില്‍നിന്നത് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയാണ്.

ഇന്നലെ നട തുറക്കുന്നതിന് മുമ്പ് തന്നെ മുതിര്‍ന്ന ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ സന്നിധാനത്ത് എത്തിയിരുന്നു. നേരത്തെയുള്ള നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരും എത്തി. ഈ സംഘമാണ് സന്നിധാനത്ത് സംഘടിതമായ പ്രതിഷേധങ്ങള്‍ നടത്തിയത്. പ്രതിഷേധക്കാര്‍ക്ക് എല്ലാവിധ നിര്‍ദേശങ്ങളും നല്‍കി നേതാക്കളും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു.

തൃശൂരില്‍ നിന്നെത്തിയ സ്ത്രീയെ തടഞ്ഞ സമയം പതിനെട്ടാംപടിയില്‍ കുത്തിയിരുന്നായിരുന്നു ഈ സംഘത്തിന്റെ പ്രതിഷേധം. പ്രതിഷേധങ്ങള്‍ അതിരുവിടുമ്പോള്‍ പലപ്പോഴും പൊലീസ് നിസ്സഹായരായിരുന്നു. ഈ ഘട്ടത്തില്‍ ആര്‍എസ്എസ് നേതാക്കളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.

അതേസമയം ശബരിമലയില്‍ ആചാരലംഘനം നടന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞ് നിന്ന് പ്രസംഗിക്കുകയും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുകയുമായിരുന്നു. പതിനെട്ടാം പടി പ്രസംഗ പീഠമാക്കിയ വത്സന്‍ തില്ലങ്കേരിയുടെ നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.

ഇന്ന് രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തുകയും പുറംതിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്. ഇതിന് ശേഷമാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറിയത്.

പൊലീസ് മൈക്കിലൂടെയും വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം ഉണ്ടായിരുന്നു. ചോറൂണിനെത്തിയ അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുത്ത സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വത്സന്‍ തില്ലങ്കേരി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോര്‍ഡംഗം കെപി ശങ്കരദാസ് അറിയിച്ചിട്ടുണ്ട്.

Posted by Vishnu Empattazhi on Monday, November 5, 2018