”ശ്രീധരന്‍പിള്ളേ, താങ്കള്‍ പറയുന്ന ഭക്തരുടെ കൂട്ടത്തില്‍പ്പെട്ട ആളായിരിക്കും അല്ലേ ഇത്?”; സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി യുവാവിന്റെ അശ്ലീല ആംഗ്യം

single-img
6 November 2018

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരായ പ്രതിഷേധങ്ങള്‍ക്ക് സംഘപരിവാര്‍ സംഘടനകളാണ് സന്നിധാനത്ത് നേതൃത്വം നല്‍കുന്നത്. ബിജെപി ആര്‍എസ്എസ് നേതാക്കള്‍ ക്യാമ്പ് ചെയ്താണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.

ഇന്നലെ നട തുറക്കുന്നതിന് മുമ്പ് തന്നെ മുതിര്‍ന്ന ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ സന്നിധാനത്ത് എത്തിയിരുന്നു. നേരത്തെയുള്ള നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരും എത്തിയിരുന്നു. ഈ സംഘമാണ് സന്നിധാനത്ത് സംഘടിതമായ പ്രതിഷേധങ്ങള്‍ നടത്തിയത്.

പ്രതിഷേധക്കാര്‍ക്ക് എല്ലാവിധ നിര്‍ദേശങ്ങളും നല്‍കി നേതാക്കളും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. ഇന്നു രാവിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് സന്നിധാനത്ത് ഭക്തനെപ്പോലെ കറുപ്പുടുത്ത ഒരാള്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്ന ചിത്രം പുറത്തുവന്നത്.

മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളെ നോക്കിയാണ് ഇയാളുടെ ഈ പ്രതിഷേധം. ഭീകരസംഘടനാ പ്രവര്‍ത്തകരെ പോലെ തുണി കൊണ്ട് മുഖം മൂടിയാണ് ഈ യുവാവ് നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ വലിയ ചര്‍ച്ചയായിട്ടുണ്ട്.

ശ്രീധരന്‍പിള്ളേ, താങ്കള്‍ പറയുന്ന ഭക്തരുടെ കൂട്ടത്തില്‍പ്പെട്ട ആളായിരിക്കും അല്ലേ ഇത് എന്നാണ് ചിലരുടെ ചോദ്യം. സന്നിധാനത്തെ ഭക്തന്‍ എന്ന് പറഞ്ഞ് നിരവധി പേര്‍ ഈ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

അതേസമയം സന്നിധാനത്ത് എത്തിയ 52 വയസുള്ള തൃശൂര്‍ സ്വദേശിനിയായ സ്ത്രീയെ കൊല്ലാന്‍ ആക്രോശം നടത്തുന്നയളുടെ വീഡിയോയും പുറത്തുവന്നു. ശബരിമലയില്‍ കൊച്ചു മകന്റെ ചോറൂണിന് വേണ്ടിയെത്തിയ സ്ത്രീയെയാണ് ‘അടിച്ചു കൊല്ലെടാ അവളെ’ എന്നാക്രോശിച്ച് ആക്രമിക്കാന്‍ ശ്രിമിച്ചത്.

വലിയ നടപ്പന്തലിലെത്തിയ സ്ത്രീകള്‍ക്കെതിരെ സംഘപരിവാര്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. സന്നിധാനത്ത് വാക്കേറ്റവും തര്‍ക്കവുമുണ്ടായി. കൊല്ലെടാ അവളെയെന്ന് ആക്രോശിച്ചെത്തിയ ആക്രമികള്‍ക്കിടയില്‍ നിന്നും പൊലീസ് പണിപ്പെട്ടാണ് ലളിതയെ രക്ഷിച്ചെടുത്തത്. അതിനിടെ അക്രമികള്‍ ലളിതയെ ഉന്തുകയും തള്ളുകയും ചെയ്തു.

സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു. സ്ത്രീകളെ തടഞ്ഞുവെക്കല്‍, അപമര്യാദയായി പെരുമാറല്‍ എന്നീ വകുപ്പ് പ്രകാരമാണ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പൊലീസ് പറഞ്ഞു.

വീഡിയോ കടപ്പാട്: കൈരളി പീപ്പിള്‍