കാര്‍ത്ത്യായനി അമ്മൂമ്മയുടെ ഒന്നാം റാങ്ക് വ്യക്തിപരമായി പ്രിയപ്പെട്ടതെന്ന് മഞ്ജു വാര്യര്‍

single-img
6 November 2018

സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ 98 മാര്‍ക്ക് നേടി സംസ്ഥാനത്ത് ഒന്നാമതെത്തി തിളക്കമാര്‍ന്ന വിജയം നേടിയ 96കാരി കാര്‍ത്യായനി അമ്മക്ക് ആശംസകളുമായി നടി മഞ്ജു വാര്യര്‍. മിഷന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായ തനിക്ക് ഈ ഒന്നാം റാങ്ക് വ്യക്തിപരമായി പ്രിയപ്പെട്ടതാണെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

97ാം വയസില്‍ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ 98മാര്‍ക്ക് നേടി സംസ്ഥാനത്ത് ഒന്നാമതെത്തി പ്രായത്തെ ‘തോല്പിച്ച’ കെ.കാര്‍ത്യായനിഅമ്മ എന്ന അമ്മൂമ്മയെക്കുറിച്ചുള്ള വാര്‍ത്ത ഏറെ ആഹ്ലാദത്തോടെയാണ് വായിച്ചത്. സാക്ഷരാതാമിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുഡ് വില്‍ അംബാസിഡര്‍ എന്ന നിലയില്‍ സഹകരിക്കുന്നതുകൊണ്ട് ഈ ഒന്നാംറാങ്ക് വ്യക്തിപരമായി പ്രിയപ്പെട്ടതാകുന്നു.

ഇനി എന്താണ് ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ കാര്‍ത്യായനി അമ്മൂമ്മ പറഞ്ഞ വാക്കുകള്‍ കൂടുതല്‍ അതിശയിപ്പിച്ചു: ‘കംപ്യൂട്ടറും ഇംഗ്ലീഷും പഠിക്കണം. നൂറാംവയസില്‍ പത്താംക്ലാസ് പരീക്ഷയെഴുതി നൂറില്‍ നൂറും വാങ്ങണം.’ സാധാരണ പലരും വെറ്റിലയില്‍ നൂറുതേച്ചിരിക്കുന്ന പ്രായത്തിലാണ് അമ്മൂമ്മ ഇത് പറയുന്നതെന്നോര്‍ക്കണം!.

സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയൊക്കെ ലക്ഷ്യത്തിലെത്തുന്നതും ‘നല്ലമാര്‍ക്ക്’നേടുന്നതും കാണുമ്പോള്‍ അതിനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ അഭിമാനം തോന്നുന്നു. അക്ഷരത്തിന്റെ വെളിച്ചം ഇങ്ങനെ അനേകരിലേക്ക് പടരട്ടെ. കാര്‍ത്യായനി അമ്മൂമ്മ നൂറാം വയസില്‍ നൂറില്‍ നൂറുനേടട്ടെ.