ആരോടും നിയമോപദേശം തേടിയിട്ടില്ല; ശ്രീധരന്‍പിള്ളയെ വെട്ടിലാക്കി തന്ത്രി കണ്ഠര് രാജീവര്

single-img
6 November 2018

ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്‍.ശ്രീധരൻ പിള്ളയെ താൻ ഫോണിൽ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര്. ക്ഷേത്രനട അടയ്ക്കുന്നതു സംബന്ധിച്ച് ആരോടും നിയമോപദേശം ചോദിച്ചിട്ടില്ല. ഇതു സംബന്ധിച്ചു പന്തളം കൊട്ടാരത്തിൽ നിന്ന് ഒരു കത്ത് ലഭിച്ചിരുന്നു. അല്ലാതെ ആരോടും ഇതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞിട്ടില്ല.

മറിച്ചുകേൾക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും തന്ത്രി പറഞ്ഞു. യുവതി പ്രവേശനം സംബന്ധിച്ച വിധി വന്ന ശേഷം ഒരിക്കല്‍ ശ്രീധരന്‍ പിള്ള കുടുംബത്തില്‍ വന്നിട്ടുണ്ടെന്നും അന്ന് മറ്റ് കാര്യങ്ങളാണ് സംസാരിച്ചതെന്നും തന്ത്രി വ്യക്തമാക്കി.

കോഴിക്കോട് യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തന്ത്രി കണ്ഠര് രാജീവര് തന്നോട് നിയമോപദേശം തേടിയിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ള വെളിപ്പെടുത്തിയത്. യുവതികള്‍ സന്നിധാനത്തിന് അടുത്തുവരെ എത്തിയ സാഹചര്യത്തിലാണ് തന്ത്രി നട അടച്ചിടുന്ന കാര്യം ഫോണില്‍ വിളിച്ച് ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.

കോടതിയലക്ഷ്യം ആകുമോയെന്ന് തന്ത്രി ചോദിച്ചു. ഇല്ലെന്ന് താന്‍ മറുപടി നല്‍കി. അഥവാ പ്രശ്നമുണ്ടായാലും പതിനായിരങ്ങള്‍ തന്ത്രിക്കൊപ്പം ഉണ്ടാകുമെന്ന് താന്‍ പറഞ്ഞു. താങ്കളുടെ വാക്ക് വിശ്വസിക്കുകയാണെന്ന് തന്ത്രി പറഞ്ഞതായും ശ്രീധരന്‍പിള്ള വെളിപ്പെടുത്തി.

എന്നാല്‍, ഇക്കാര്യം തള്ളിക്കൊണ്ടാണ് തന്ത്രി പ്രതികരിച്ചത്. കനത്ത പോലീസ് സുരക്ഷയിലായിരുന്നു തന്ത്രി. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് അദ്ദേഹത്തിന് വിലക്കുമുണ്ട്. അതിനിടെയാണ് തന്ത്രിയുടെ പ്രതികരണം.