സ്വര്‍ണ വില കുതിക്കുന്നു; ആറുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില

single-img
6 November 2018

സ്വര്‍ണ വില കുതിക്കുന്നു. രൂപയുടെ മൂല്യത്തകര്‍ച്ചയാണ് സ്വര്‍ണ വില കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ പവന് വില ഏതാണ്ട് 1,700 രൂപ കൂടിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ വില 3.25 ശതമാനം ഇടിഞ്ഞപ്പോഴാണ് ഇവിടെ 7.70 ശതമാനം കൂടിയിരിക്കുന്നത്.

തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ച് 23,720 രൂപയിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞയാഴ്ച ഒരവസരത്തില്‍ വില 23,760 രൂപ വരെ എത്തിയിരുന്നു. ഇത് ആറു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്. ദീപാവലിയോടനുബന്ധിച്ചുള്ള ധന്‍തരേസ് മുഹൂര്‍ത്തത്തില്‍ ഡിമാന്‍ഡ് ഉയര്‍ന്നതാണ് വില കൂടാന്‍ കാരണം.

നാണയമായും ആഭരണങ്ങളായും സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ പലരും താത്പര്യം കാണിച്ചു. 2012 സെപ്റ്റംബറിലാണ് വില ആദ്യമായി 24,000 രൂപ കടന്നത്. വില കുറച്ചുകൂടി ഉയര്‍ന്ന് റെക്കോഡ് ഇട്ടെങ്കിലും പിന്നീട് കയറിയിറങ്ങി നീങ്ങുകയായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ വില വര്‍ധന തുടര്‍ന്നാല്‍ പവന്‍ വില വീണ്ടും 24,000 കടക്കാന്‍ ഇടയുണ്ട്.