മലയില്‍ ക്രിമിനലുകള്‍ എത്തിയെങ്കില്‍ ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് ശ്രീധരന്‍ പിള്ള: ഇടപെട്ടത് സംഘര്‍ഷം ഒഴിവാക്കാനെന്ന് വല്‍സന്‍ തില്ലങ്കേരി

single-img
6 November 2018

രാജ്യംകണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് ശബരിമലയില്‍ പോലീസിനെ അണിനിരത്തി കേരള സര്‍ക്കാര്‍ നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ശബരിമലയിലെത്തിയവര്‍ക്ക് മുറികളും കുടിവെള്ളവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു.

സമാധനത്തോടെ ദര്‍ശനം നടത്താന്‍ വിശ്വാസികള്‍ക്ക് സാധിച്ചില്ല. ദൈനംദിന കാര്യങ്ങളില്‍ കടന്നുകയറിയതിന് സര്‍ക്കാര്‍ മാപ്പ് ചോദിക്കണം. മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് കേന്ദ്ര മനുഷ്യവകാശ കമ്മീഷന്റെ മുന്നില്‍ ബിജെപി പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ക്രമസമാധനത്തെ സംബന്ധിച്ച് ഗവര്‍ണറെ കണ്ട് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആചാരക്രമവും ഈശ്വര വിശ്വാസവും ഇല്ലാതാക്കണമെന്ന കാഴ്ച്ചപ്പാടോടെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. മതപരമായ ആചാരങ്ങള്‍ സംഘടിപ്പിക്കാനോ അനുവര്‍ത്തിക്കാനോ പാടില്ല എന്നത് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ലംഘിക്കുന്നുവെന്ന് സിപിഎമ്മിന്റെ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രമേയവും പ്രചാരണവുമാണ്.

അതിന്റെ ഭാഗമാണ് ശബരിമലയിലെ നടപടിയെന്ന് ഞങ്ങള്‍ സംശയിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ക്രിമിനലുകള്‍ ശബരിമലയില്‍ കയറിയെങ്കില്‍ അത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം, സംഘര്‍ഷമുണ്ടാകുമ്പോള്‍ അത് ഒഴിവാക്കാന്‍ നേതൃത്വത്തിനു ചുമതലയുണ്ടെന്നും അതുകൊണ്ടാണു തൃശൂര്‍ സ്വദേശിനി ലളിതാ രവി ശബരിമലയിലെത്തിയ സമയത്തു ഭക്തര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതെന്നും ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പറഞ്ഞു.

പൊലീസ് പരാജയപ്പെട്ടിട്ടില്ല. പൊലീസിനെ സഹായിക്കാനാണു ഭക്തജനങ്ങള്‍ അങ്ങനെ ചെയ്തത്. എല്ലാവരും ചേര്‍ന്നാണു ശബരിമലയില്‍ സമാധാനം ഉണ്ടാക്കിയത്- തില്ലങ്കേരി പറഞ്ഞു. ആരോ മൈക്ക് തന്നശേഷം ഭക്തകരോടു ശാന്തരാകണമെന്നു പറയാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണു മൈക്കുപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പതിനെട്ടാം പടി ചവിട്ടിയത് ഇരുമുടിക്കെട്ടുമായാണ്. സംശയമുണ്ടെങ്കില്‍ ആര്‍ക്കും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാം. ഇരുമുടിക്കെട്ടുമായി പടികയറി മുകളിലെത്തിയപ്പോഴാണു താഴെ വലിയ പ്രശ്‌നം നടക്കുന്നതായി കാണുന്നത്. ആദ്യം ഇരുമുടിക്കെട്ട് കയ്യില്‍ വച്ചുകൊണ്ടു തന്നെ എല്ലാവരോടും ശാന്തരാകാന്‍ ആവശ്യപ്പെട്ടു.

അതിനുശേഷം ഇരുമുടികെട്ട് അടുത്തു നിന്നയാള്‍ക്കു കൊടുത്തശേഷം എല്ലാവരെയും രണ്ടു കയ്യും ഉയര്‍ത്തി ശാന്തമാകാന്‍ ആവശ്യപ്പെട്ടതാണ്. അയ്യപ്പഭക്തനായ താന്‍ ആചാരലംഘനം നടത്തിയെന്നു പറയുന്ന അവാസ്തവമായ പ്രചാരണം വേദനയുണ്ടാക്കുന്നുവെന്നും വല്‍സന്‍ തില്ലങ്കേരി കൂട്ടിച്ചേര്‍ത്തു.