ബിജെപി നേതാക്കളെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ സംഘര്‍ഷം; സന്നിധാനത്ത് മാധ്യമങ്ങള്‍ക്കു നേരെയും ആക്രമണം; ലളിതയെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്

single-img
6 November 2018

പമ്പയിലേക്കു പോകാനെത്തിയ ബിജെപി നേതാക്കളുടെ വാഹനങ്ങള്‍ നിലയ്ക്കലില്‍ പോലീസ് തടഞ്ഞതുമായി ബന്ധപ്പെട്ടു വാക്കുതര്‍ക്കം. ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍, പി.എ. വേലായുധന്‍, അശോകന്‍ കുളനട, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല എന്നിവരുടെ വാഹനങ്ങള്‍ നിലയ്ക്കലില്‍ ഇന്നു രാവിലെ 9.30 ഓടെയാണ് പോലീസ് തടഞ്ഞത്.

നിലയ്ക്കലില്‍ നിന്നു പമ്പയിലേക്കു കെഎസ്ആര്‍ടിസി ബസില്‍ പോകണമെന്ന് ഇവരോടു പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ തിങ്കളാഴ്ച പമ്പയിലേക്കു കടത്തിവിട്ടുവെന്നും തങ്ങള്‍ക്കും പോകണമെന്നും ബിജെപി നേതാക്കള്‍ വാദിച്ചു.

മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ വാഹനങ്ങള്‍ എന്നിവ മാത്രമേ കടത്തിവിട്ടിട്ടുള്ളൂവെന്നും പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് നേതാക്കള്‍ പോലീസുമായി തര്‍ക്കിച്ചത്. തുടര്‍ന്നു ബിജെപി നേതാക്കള്‍ കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്കു പോയി.

അതിനിടെ ശബരിമല സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും തീര്‍ത്ഥാടകരുടെ പ്രതിഷേധം. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്. മാതൃഭൂമി വാര്‍ത്താ സംഘത്തിന് നേരെയും അമൃത ന്യൂസ് സംഘത്തിന് നേരെയും കയ്യേറ്റ ശ്രമമുണ്ടായി.

മാതൃഭൂമി ലേഖകനെ കസേരയെടുത്ത് അടിക്കാന്‍ ഉള്ള ശ്രമവും ഉണ്ടായി. പൊലീസ് വലയത്തിന് സമീപത്തേക്ക് ഓടിമാറിയതിനെ തുടര്‍ന്നാണ് ആക്രമണ ശ്രമത്തില്‍ നിന്ന് രക്ഷപെട്ടത്. അമൃത ന്യൂസ് ചാനല്‍ ക്യാമറാമാന് സന്നിധാനത്ത് മര്‍ദ്ദനമേറ്റു.

രാവിലെ ശബരിമല നടപ്പന്തലില്‍ തീര്‍ത്ഥാടകര്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു. സന്നിധാനത്ത് 2 സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയപ്പോളായിരുന്നു പ്രതിഷേധം. സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു. ലളിത എന്ന സ്ത്രീ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ്. തൃശൂര്‍ സ്വദേശി ലളിതക്കുനേരെ നടപ്പന്തലില്‍വച്ചാണ് പ്രതിഷേധമുയര്‍ന്നത്. മകന്റെ കുട്ടിയുടെ ചോറൂണിനാണ് ലളിത സന്നിധാനത്തെത്തിയത്.

ഇരുമുടിക്കെട്ടില്ലാതെ ലളിത വലിയ നടപ്പന്തലിലെത്തിയതോടെ പ്രതിഷേധവുമായി നൂറുകണക്കിന് ഭക്തര്‍ പാഞ്ഞടുക്കുകയായിരുന്നു. തിരിച്ചറിയില്‍ രേഖ നല്‍കി പ്രായം ബോധ്യപ്പെടുത്താന്‍ ലളിത ശ്രമിച്ചെങ്കിലും നല്‍കിയ രേഖ മാറിപ്പോയി.

മകന്റെ ഭാര്യയുടെ തിരിച്ചറിയല്‍ രേഖ നല്‍കിയത് പ്രതിഷേധം കനക്കാന്‍ കാരണമായി. ഇവരെ പിന്തുടര്‍ന്നെത്തിയ ഭക്തര്‍ ഏറെനേരം വന്‍ പ്രതിഷേധവും രോഷവും ഉയര്‍ത്തി. ലളിതയ്ക്ക് അന്‍പതു വയസിനുമുകളില്‍ പ്രായയമുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പിന്നീട് ഭക്തര്‍തന്നെ ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.