യുഎസിന്റെ പുതിയ ഉപരോധം: രാജ്യാന്തര തലത്തില്‍ എണ്ണയുടെ പേരിലുള്ള യുദ്ധത്തിന് കളമൊരുങ്ങുന്നു

single-img
5 November 2018

ഇറാനെതിരായ അമേരിക്കയുടെ കടുത്ത ഉപരോധം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 2015ലെ ആണവകരാറിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിവച്ച എല്ലാ ഉപരോധങ്ങളും യുഎസ് പുനസ്ഥാപിച്ചതിനു പിന്നാലെയാണ് ഈ നീക്കം. ഇറാന്റെ പ്രധാനവരുമാന മാര്‍ഗമായ എണ്ണ വ്യാപാരത്തെ കടുത്ത രീതിയില്‍ ഇതു ബാധിക്കും.

2015ല്‍ യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ മുന്‍കൈയെടുത്താണ് ഇറാനുമായി ആണവകരാര്‍ ഒപ്പിട്ടത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങളും കരാറില്‍ പങ്കാളികളാണ്. എന്നാല്‍, ഇറാന്റെ മിസൈല്‍ പദ്ധതികള്‍ നിയന്ത്രിക്കാന്‍ കരാറില്‍ വ്യവസ്ഥയില്ലെന്നു പറഞ്ഞ് യുഎസ് പ്രസിഡന്റ് ട്രംപ് മേയില്‍ കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയിരുന്നു.

തുടര്‍ന്ന് മേയ് മുതല്‍ ട്രംപ് ഭരണകൂടം ഇറാനെതിരേ ഉപരോധങ്ങള്‍ ചുമത്തുന്നുണ്ട്. എന്നാല്‍, ഇന്നു പ്രാബല്യത്തില്‍ വരുന്നവ കടുത്തതാണ്. സാമ്പത്തികം, ഊര്‍ജം, ചരക്കുകടത്ത് എന്നീ മേഖലകളെ ലക്ഷ്യമിടുന്ന ഇവ ഇറാനെ ഞെരുക്കും. ഇറാനിലെ എണ്ണ കയറ്റുമതിയെയും സാമ്പത്തിക സ്ഥാപനങ്ങളെയും ലക്ഷ്യംവച്ചാണ് യുഎസിന്റെ പുതിയ ഉപരോധം.

ഭീകര സംഘടനകളെ സഹായിക്കാന്‍ വേണ്ടിയാണ് ഇറാന്‍ എണ്ണകയറ്റുമതിയില്‍ നിന്നുള്ള പണം ഉപയോഗിക്കുന്നതെന്നാണു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനം. ആ നീക്കം ഉപരോധം ശക്തമാകുന്നതോടെ നിര്‍ത്തലാക്കാന്‍ ഇറാന്‍ നിര്‍ബന്ധിതമാകുമെന്നാണു യുഎസ് വിശ്വസിക്കുന്നത്.

എന്നാല്‍ നിയമവിരുദ്ധവും ന്യായീകരിക്കാനാകാത്തതുമായ ഉപരോധത്തെ ഇറാന്‍ മറികടക്കുമെന്ന് പ്രസിഡന്റ് ഹസന്‍ റുഹാനി വ്യക്തമാക്കി. രാജ്യാന്തര നിയമങ്ങള്‍ക്ക് എതിരാണ് ഉപരോധം. ഇറാന്‍ എണ്ണ കയറ്റുമതി തുടരും. ഉപരോധത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെത്തന്നെയായിരിക്കും ഇനിയുള്ള എണ്ണ കയറ്റുമതിയെന്നും ദേശീയ ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു റുഹാനി വ്യക്തമാക്കി.

ഇറാന്റെ ബാങ്കിങ്, ഊര്‍ജമേഖലകളെയാണു പുതിയ ഉപരോധം ശക്തമായി ബാധിക്കുക. ഇതുപ്രകാരം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയില്ലെങ്കില്‍ രാജ്യങ്ങള്‍ക്കും യുറോപ്പിലെയും ഏഷ്യയിലെയും കമ്പനികള്‍ക്കും യുഎസ് ഉപരോധം ബാധകമാക്കും.

എന്നാല്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക് നിലവിലെ ഉപരോധത്തില്‍ നിന്ന് ഇളവു നല്‍കിയിട്ടുണ്ട്. തുര്‍ക്കി, ഇറാഖ്, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളോട് ഉള്‍പ്പെടെ പൂര്‍ണമായും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നില്‍ത്തലാക്കാന്‍ ആവശ്യപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി. അടുത്ത ആറുമാസത്തിനകം പടിപടിയായി ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു.