‘ശബരിമല സമരം ആസൂത്രിതം; ബിജെപിയുടെ അജണ്ടയില്‍ എതിരാളികള്‍ വീണു’; ബിജെപിയെ വെട്ടിലാക്കി ശ്രീധരന്‍ പിള്ള യുവമോര്‍ച്ച യോഗത്തില്‍ പ്രസംഗിച്ച വീഡിയോ പുറത്ത്

single-img
5 November 2018

ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള നടത്തിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി ശ്രമിച്ചു എന്ന് തെളിയിക്കുന്ന പ്രസംഗത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. ഞായറാഴ്ച കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിലെ ശബ്ദശകലമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത് തന്നോട് സംസാരിച്ചശേഷമാണ്. കോടതിയലക്ഷ്യമാകില്ലെന്ന് തന്ത്രിക്ക് താന്‍ ഉറപ്പുനല്‍കിയെന്ന് ശ്രീധരന്‍ പിള്ള പ്രസംഗത്തില്‍ പറയുന്നു. ശബരിമലയില്‍ ബിജെപി ഒരു അജണ്ട മുന്നോട്ടുവെച്ചു. അത് കമ്മ്യൂണിസ്റ്റുകാരും പിന്തുടരുകയായിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറയുന്നു. ശബരിമല ബിജെപിക്ക് സുവര്‍ണാവസരമായിരുന്നു. നമ്മുടെ അജണ്ടയില്‍ എതിരാളികള്‍ ഓരോരുത്തരായി വീണു. അവസാനം അവശേഷിക്കുന്നത് നമ്മളും എതിരാളികളായ ഭരണകക്ഷിയുമായിരിക്കുമെന്നും ശ്രീധരന്‍ പിള്ള പറയുന്നു.

ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍ ഇങ്ങനെ: ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നു. നടയടയ്ക്കുന്നതിനെ കുറിച്ച് അദ്ദേഹം ഏറെ നേരം സംസാരിച്ചു. ആ സമയം ഏറെ അസ്വസ്ഥനായിരുന്നു അദ്ദേഹം.

തിരുമേനി ഒറ്റക്കല്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും ഞാന്‍ പറഞ്ഞു. ഇതിന് ശേഷമായിരുന്നു തന്ത്രിയുടെ തീരുമാനം. നട അടച്ചിട്ടാല്‍ കോടതി അലക്ഷ്യമാവില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ആദ്യം തങ്ങളുടെ പേരിലാകും എടുക്കുകയെന്നും തിരുമേനി ഒറ്റയ്ക്കല്ല പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും എന്നും ഞാന്‍ മറുപടി നല്‍കി.

ഇതോടെയാണ് സര്‍ക്കാറിനെയും പൊലീസിനെയും അങ്കലാപ്പിലാക്കിയ തീരുമാനത്തിന് പിന്നില്‍ സംഭവച്ചത്. ‘തിരുമേനി ഒറ്റക്കല്ല എന്ന ഒറ്റവാക്ക് മതി’ എന്നുപറഞ്ഞാണ് നട അടച്ചിടുമെന്ന തീരുമാനം തന്ത്രി എടുത്തത്. തന്ത്രിസമൂഹത്തിന് കൂടുതല്‍ വിശ്വാസം ബി.ജെ.പിയിലും അതിന്റെ പ്രസിഡന്റിലുമുണ്ടെന്നുമുള്ളതിന്റെ തെളിവാണിത്.

വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്