ശ്രീധരന്‍പിള്ള നീലവെള്ളത്തില്‍ വീണ കുറക്കനെപ്പോലെയായെന്ന് ചെന്നിത്തല; അന്വേഷണം വേണമെന്ന് സിപിഎം; പുറത്തായ ശബ്ദരേഖയേക്കുറിച്ച് പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് ശ്രീധരന്‍പിള്ള

single-img
5 November 2018

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള നീലവെള്ളത്തില്‍ വീണ കുറക്കനെപ്പോലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളില്‍ നിന്ന് ബിജെപി ഒറ്റപ്പെടുമെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചു. ആചാര സംരക്ഷണമോ വിശ്വാസ സംരക്ഷണമോ അല്ല ബിജെപിയുടെ ലക്ഷ്യം.

അവരുടെ രാഷ്ട്രീയ അജന്‍ഡ പൊളിഞ്ഞു. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നു. ഇതൊന്നും കേരളത്തില്‍ വിലപ്പോവില്ല. തന്ത്രികുടുംബം ബിജെപിയുടെ കൂടി നില്‍ക്കില്ല എന്നാണ് വിശ്വാസമെന്നും ചെന്നിത്തല പറഞ്ഞു.

അതിനിടെ, പി.എസ്. ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗം സംബന്ധിച്ച് അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങള്‍ ബിജെപി ആസൂത്രണം ചെയ്തതാണെന്ന് ഇതോടെ വ്യക്തമായെന്നും ഉന്നതല അന്വേഷണം നടത്തി ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരണമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ തന്ത്രി കുടുംബത്തെപ്പോലും ഒപ്പം ചേര്‍ക്കാന്‍ ബിജെപി ശ്രമിച്ചു. ആരുടെയെങ്കിലും വാക്കുകേട്ട് പ്രവര്‍ത്തിക്കേണ്ടയാളല്ല തന്ത്രിയെന്നു പറഞ്ഞ കോടിയേരി തന്ത്രി കുടുംബം ബാഹ്യശക്തികള്‍ക്ക് വിധേയമാവരുതെന്നും സമൂഹം അര്‍പ്പിച്ച വിശ്വാസവും ബഹുമാനവും ഇല്ലാതാക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പാര്‍ട്ടിയും ഇതിനേക്കുറിച്ച് പരിശോധന നടത്തണം. ബിജെപിയുടെ നിലപാടിനോട് ചേര്‍ന്നു നില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസും സ്വീകരിച്ചത്. അവരെയും കബളിപ്പിക്കാന്‍ ബിജെപിക്കായി – കോടിയേരി പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടിയുടെ ഗൂഢനിലപാട് നടപ്പാക്കാനാണ് ബിജെപി പദ്ധതിയിട്ടതെന്ന് സംസ്ഥാന അധ്യക്ഷന്റെ പ്രസംഗം പുറത്തു വന്നതോടെ വ്യക്തമായെന്നു പറഞ്ഞ അദ്ദേഹം ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

ശബരിമല അയ്യപ്പന് ചൈതന്യം നല്‍കേണ്ട തന്ത്രി വിശ്വാസ വഞ്ചന കാട്ടിയിരിക്കുകയാണെന്ന് മന്ത്രി എ.കെ ബാലനും പ്രതികരിച്ചു. ശ്രീധരന്‍പിള്ളയുടെ തുറന്നുപറച്ചിലോടെ ഗൂഢാലോചന വെളിപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും ആര്‍എസ്എസും സംഘപരിവാറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന അനാവരണം ചെയ്യപ്പെട്ടു. ഉള്ളിലുള്ളത് തുറന്നു പറയുന്ന ആളാണ് ശ്രീധരന്‍പിള്ള. ഞങ്ങള്‍ ഒരേ ക്ലാസില്‍ ഇരുന്ന് പഠിച്ചവരാണ്. ഇനിയും ഇത് തുടരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

അതേസമയം, ശബരിമല വിഷയവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച യോഗത്തില്‍ താന്‍ നടത്തിയ പ്രസംഗം പുറത്ത് വന്ന സംഭവത്തില്‍ പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. വിഷയത്തില്‍ തന്നോട് അഭിപ്രായം ചോദിച്ചവരോടെല്ലാം താന്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നടയടച്ചിടും എന്ന തന്ത്രിയുടെ നിലപാടില്‍ കോടതിയലക്ഷ്യത്തിന് കേസ് നിലനില്‍ക്കുന്നുണ്ട്. ഇതില്‍ തന്റെ പേരാണ് ആദ്യമുള്ളത്. തന്ത്രിയുടെ പേര് രണ്ടാമതാണ്. അതിനാല്‍ ഇക്കാര്യത്തെ നിയമപരമായി ഒന്നിച്ച് നേരിടാനാണ് തീരുമാനംശ്രീധരന്‍പിള്ള വ്യക്തമാക്കി.

കോടതിയലക്ഷ്യ കേസ് നിലനില്‍ക്കുന്ന വിഷയത്തില്‍ ഇപ്പോള്‍ സംസാരിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബ്ദരേഖ പുറത്ത് വന്ന ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ബിജെപി അധ്യക്ഷന്‍ മാധ്യമപ്രവത്തകരോട് പതിവിനു വിപരീതമായി ക്ഷോഭിക്കുകയും ചെയ്തു.

ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍ ഇങ്ങനെ: ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നു. നടയടയ്ക്കുന്നതിനെ കുറിച്ച് അദ്ദേഹം ഏറെ നേരം സംസാരിച്ചു. ആ സമയം ഏറെ അസ്വസ്ഥനായിരുന്നു അദ്ദേഹം.

തിരുമേനി ഒറ്റക്കല്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും ഞാന്‍ പറഞ്ഞു. ഇതിന് ശേഷമായിരുന്നു തന്ത്രിയുടെ തീരുമാനം. നട അടച്ചിട്ടാല്‍ കോടതി അലക്ഷ്യമാവില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ആദ്യം തങ്ങളുടെ പേരിലാകും എടുക്കുകയെന്നും തിരുമേനി ഒറ്റയ്ക്കല്ല പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും എന്നും ഞാന്‍ മറുപടി നല്‍കി.

ഇതോടെയാണ് സര്‍ക്കാറിനെയും പൊലീസിനെയും അങ്കലാപ്പിലാക്കിയ തീരുമാനത്തിന് പിന്നില്‍ സംഭവച്ചത്. ‘തിരുമേനി ഒറ്റക്കല്ല എന്ന ഒറ്റവാക്ക് മതി’ എന്നുപറഞ്ഞാണ് നട അടച്ചിടുമെന്ന തീരുമാനം തന്ത്രി എടുത്തത്. തന്ത്രിസമൂഹത്തിന് കൂടുതല്‍ വിശ്വാസം ബി.ജെ.പിയിലും അതിന്റെ പ്രസിഡന്റിലുമുണ്ടെന്നുമുള്ളതിന്റെ തെളിവാണിത്.