നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി വിളിച്ചിരുന്നുവെന്നും ധൈര്യം നല്‍കിയത് താനാണെന്നും ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍; ‘കേരളത്തിലേത് അടിയന്തരാവസ്ഥയ്ക്കു ശേമുള്ള ഏറ്റവും വലിയ അധഃപതനം’

single-img
5 November 2018

ശബരിമല നട ഇന്ന് തുറക്കാനിരിക്കെ സര്‍ക്കാര്‍ ഒരുക്കുന്ന സുരക്ഷാ സംവിധാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ അധ:പതനമാണ് ഇപ്പോഴത്തേതതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല വിഷയത്തില്‍ ബിജെപി സഹനസമരത്തിനാണ് മുന്‍ഗണന കൊടുക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പാസ്സാക്കിയ തെറ്റുതിരുത്തല്‍ പ്രമേയം അനുസരിച്ചാണോ സിപിഎം പ്രവര്‍ത്തിക്കുന്നതെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജനങ്ങളോട് തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എ.ബി വാജ്‌പേയിയുടെ കാരുണ്യത്തില്‍ ദേശീയ പാര്‍ട്ടി സ്ഥാനം കിട്ടിയ ഒരു പാര്‍ട്ടി നാമാവശേഷമാകാന്‍ പോകുകയാണെന്നും സിപിഎമ്മിനെ പരാമര്‍ശിച്ച് ശ്രീധരന്‍പിള്ള പറഞ്ഞു. അയ്യപ്പനെ തൊട്ടുകളിച്ചതിനുള്ള ശിക്ഷ അതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റുതിരുത്തല്‍ പ്രമേയത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് ബാധകമാണോ എന്ന് പാര്‍ട്ടി വ്യക്തമാക്കണം. ശബരിമല വിഷയത്തില്‍ പ്രശ്‌നം പരിഹരിക്കുന്നത് വരെ ബിജെപി സമരം തുടരുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അതേസമയം ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നതായും ശ്രീധരന്‍ പിള്ള പറഞ്ഞു.

നടയടയ്ക്കുന്നതിനെ കുറിച്ച് അദ്ദേഹം ഏറെ നേരം സംസാരിച്ചു. ആ സമയം ഏറെ അസ്വസ്ഥനായിരുന്നു അദ്ദേഹം. തിരുമേനി ഒറ്റക്കല്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും ഞാന്‍ പറഞ്ഞു. ഇതിന് ശേഷമായിരുന്നു തന്ത്രിയുടെ തീരുമാനമെന്നും അദ്ദേഹം പറയുന്നു.

നട അടച്ചിട്ടാല്‍ കോടതി അലക്ഷ്യമാവില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ആദ്യം തങ്ങളുടെ പേരിലാകും എടുക്കുകയെന്നും തിരുമേനി ഒറ്റയ്ക്കല്ല പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും എന്നും ഞാന്‍ മറുപടി നല്‍കി.

ഇതോടെയാണ് സര്‍ക്കാറിനെയും പൊലീസിനെയും അങ്കലാപ്പിലാക്കിയ തീരുമാനത്തിന് പിന്നില്‍ സംഭവച്ചത്. ‘തിരുമേനി ഒറ്റക്കല്ല എന്ന ഒറ്റവാക്ക് മതി’ എന്നുപറഞ്ഞാണ് നട അടച്ചിടുമെന്ന തീരുമാനം തന്ത്രി എടുത്തത്. തന്ത്രിസമൂഹത്തിന് കൂടുതല്‍ വിശ്വാസം ബി.ജെ.പിയിലും അതിന്റെ പ്രസിഡന്റിലുമുണ്ടെന്നുമുള്ളതിന്റെ തെളിവാണിതെന്നും ശ്രീധരന്‍പിള്ള പറയുന്നു.