ചലച്ചിത്രലോകത്തെ ഞെട്ടിച്ച് നടി ശോഭനയുടെ ‘മീ ടൂ’ വെളിപ്പെടുത്തല്‍

single-img
5 November 2018

മീ ടൂ പ്രഖ്യാപനവുമായി നടി ശോഭനയും രംഗത്ത്. ഫേസ്ബുക്ക് പേജിലാണ് ശോഭനയുടെ വെളിപ്പെടുത്തല്‍. മീ ടൂവെന്ന് ഹാഷ്ടാഗ് കുറിച്ച ശോഭന മറ്റ് കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ പോസ്റ്റിട്ട് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ശോഭന പോസ്റ്റ് പിന്‍വലിച്ചു.

ഇന്നു രാവിലെയാണ് ശോഭന ഫെയ്‌സ്ബുക്കില്‍ മീ ടു എന്ന ഹാഷ്ടാഗ് പങ്കുവച്ചത്. ഹാഷ്ടാഗ് മാത്രമായി പോസ്റ്റ് കണ്ടത് പലരെയും ആശയക്കുഴപ്പത്തിലാക്കി. നിലവില്‍ സജീവമായിരിക്കുന്ന മീ ടു ക്യാംപെയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ള പോസ്റ്റായിരിക്കാം ഇതെന്നാണ് ഒരു വിഭാഗം ആരാധകരുടെ കണ്ടെത്തല്‍.

പോസ്റ്റിന് താഴെ ശോഭനയെ അധിക്ഷേപിക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ അശ്ലീലഭാഷയിലായിരുന്നു ചില കമന്റുകള്‍. ഇതുമൂലമാണോ പോസ്റ്റ് അരമണിക്കൂറിനകം പിന്‍വലിച്ചതെന്ന് വ്യക്തമല്ല. എന്തായാലും, മലയാള ചലച്ചിത്രലോകത്തില്‍ സജീവമായിരിക്കുന്ന ലിംഗപദവി ചര്‍ച്ചകള്‍ക്ക് ആക്കം പകരുന്നതാണ് ശോഭനയുടെ പ്രതികരണം.

മലയാള സിനിമയില്‍ നടന്‍ മുകേഷിനെതിരെ യുവതി നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫായിരുന്നു മുകേഷനിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. മീ ടൂ വെളിപ്പെടുത്തലുമായി മലയാള സിനിമയിലെ സഹസംവിധായികയും മാധ്യമപ്രവര്‍ത്തകയുമായ അനു ചന്ദ്രയും, നടി അര്‍ച്ചന പത്മിനിയും നേരത്തെ രംഗത്തുവന്നിരുന്നു.