ശബരിമലയില്‍ കനത്ത സുരക്ഷ; വനിതാ പൊലീസ് ഉദ്യോഗസ്ഥരും എത്തി;വാഹനങ്ങള്‍ കടത്തി വിടാത്തതില്‍ എരുമേലിയില്‍ തീര്‍ത്ഥാടകരുടെ പ്രതിഷേധം

single-img
5 November 2018

ചിത്തിര ആട്ടപൂജകള്‍ക്കായി ഇന്നുവൈകിട്ടു ശബരിമല നട തുറക്കാനിരിക്കെ പമ്പയിലേക്ക് വാഹനങ്ങള്‍ വിടാത്തതില്‍ എരുമേലിയില്‍ പ്രതിഷേധം. ഇന്നലെമുതല്‍ എത്തിയ ഭക്തരാണ് നാമജപപ്രതിഷേധം നടത്തുന്നത്. എരുമേലിയില്‍ നിന്ന് ഉച്ചയ്ക്കുമാത്രമേ നിലയ്ക്കലേക്ക് വിടൂ എന്ന് പൊലീസ് അറിയിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.

എരുമേലി, പത്തനംതിട്ട, വടശ്ശേരിക്കര, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് തീര്‍ഥാടകരെ തടഞ്ഞിരിക്കുന്നത്. ആറുമണിക്ക് വാഹനങ്ങള്‍ കടത്തിവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസ് പിന്നീട് നിലപാടുമാറ്റി. നിലവില്‍ ഉച്ചയോടെ മാത്രമേ എരുമേലിയില്‍നിന്ന് ഭക്തരെ കടത്തിവിടുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

കെഎസ്ആര്‍ടിസി ബസിലെങ്കിലും കടത്തിവിടണമെന്ന് തീര്‍ഥാടകര്‍ ആവശ്യപ്പെടുന്നുണ്ട്. എരുമേലി ടൗണിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുമടക്കം പ്രതിഷേധം അലയടിക്കുകയാണ്. അതേസമയം, നിലയ്ക്കലില്‍ നിന്നുള്ള തീര്‍ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ടു തുടങ്ങി.

നടന്നുപോകുന്ന തീര്‍ഥാടകരെയാണ് കടത്തിവിട്ടത്. രാവിലെ 11.30 ഓടെ മാത്രമേ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. അതിനിടെ, വനിതാ പൊലീസിനെ വലിയ നടപ്പന്തലില്‍ നിയോഗിച്ചു. 50 വയസ്സുപിന്നിട്ട് 15 വനിത പൊലീസുകാരാണ് ഇവിടെയെത്തിയിരിക്കുന്നത്. കൂടുതല്‍ യുവതികളെത്തിയാല്‍ നിയന്ത്രിക്കുന്നതിനാണു ക്രമീകരണം.

ശബരിമലയ്ക്ക് 20 കിലോമീറ്റര്‍ അകലെ മുതല്‍ തന്നെ പൊലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പരിശോധനയുണ്ട്. ചിത്തിര ആട്ടപൂജകള്‍ക്കായി ഇന്നുവൈകിട്ടും നാളെയും മാത്രമാണ് ദര്‍ശനം.

തുലാമാസപൂജാസമയത്തുണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് പൊലീസ് കര്‍ശനനിയന്ത്രണങ്ങളും മുന്‍കരുതലുകളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പമ്പയിലും സന്നിധാനത്തും കര്‍ശനനിരീക്ഷണവും പരിശോധനകളും ഉണ്ടാകും. മുഖം തിരിച്ചറിയാന്‍ കഴിയുന്ന ക്യാമറകളടക്കം വിന്യസിച്ചാണ് പൊലീസിന്റെ കരുതല്‍.

അതേസമയം യുവതികളാരും ദര്‍ശനത്തിനുപോകാന്‍ ഇതുവരെ പൊലീസിനോടോ ജില്ലാ ഭരണകൂടത്തോടോ അനുമതി തേടിയിട്ടില്ല. അങ്ങനെയുണ്ടായാല്‍ മാത്രം പ്രതിഷേധം മതിയെന്നാണ് ഹൈന്ദവസംഘടനകളുടെ നിലപാട്. എന്നാല്‍ കഴിഞ്ഞതവണ സംശയത്തിന്റെ പേരിലുണ്ടായ പ്രതിഷേധങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

അതേസമയം, മണ്ഡലകാലത്ത് ശബരിമലയില്‍ ഭക്തര്‍ക്ക് സമയനിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ നിലപാടറിയിക്കും. സര്‍ക്കാര്‍ നീക്കത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സത്യവാങ്മൂലം നല്‍കുന്നത്. ശബരിമലയില്‍ നടന്ന അക്രമങ്ങളുടെ വിഡിയോ ദൃശ്യങ്ങളും കോടതിയില്‍ സമര്‍പ്പിക്കും. അക്രമത്തില്‍ ഉള്‍പ്പെടാത്ത തനിക്കെതിരെ കേസെടുത്തത് ചോദ്യംചെയ്ത് തൃപ്പൂണിത്തുറ സ്വദേശി നല്‍കിയ ജാമ്യാപേക്ഷയില്‍ ദൃശ്യങ്ങള്‍ കൈമാറാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.