ആയിരം രൂപയും കടക്കാരുടെ ലിസ്റ്റും; ഗള്‍ഫില്‍ നിന്ന് ഇങ്ങനെയും തിരിച്ചുവരുന്നുണ്ട് ഒരുപാട് പ്രവാസി മലയാളികള്‍: കണ്ണീര്‍കുറിപ്പ് വൈറല്‍

single-img
5 November 2018

ഗള്‍ഫുകാരന്‍ എന്നു പറഞ്ഞാല്‍ കാശുള്ളവന്‍ എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ മണലാരണ്യത്തിലെ അവരുടെ ജീവിതയാതനകള്‍ ആരും അന്വേഷിക്കാറില്ല. കുടുംബത്തിലുള്ളവര്‍ക്ക് തണലേകി പടുവൃക്ഷമായി മാറുന്ന ഇവര്‍ സ്വന്തം ജീവിതം തന്നെ മറക്കും. ജീവിക്കാന്‍ തന്നെ മറക്കുമെന്ന് പറയുന്നതാകും ശരി.

അത്തരത്തില്‍ നാട്ടിലെ ബാധ്യതകള്‍ തീര്‍ത്ത് ജീവിതം കൈവിട്ടുപോയ അവശനായ ഒരു മലയാളിയുടെ കഥയാണ് ഫാസില്‍ മൂസ എന്നൊരാള്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. കഥകളിലൂടെയും സിനിമകളിലൂടെയും പ്രവാസിയുടെ ദുരിത ജീവിതങ്ങള്‍ കണ്ട നമ്മുടെ കണ്ണുതുറപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഫാസില്‍ പങ്കുവെച്ചത്.

15വര്‍ഷമായി പ്രവാസം ജീവിതം നയിച്ച്, സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ച് വീട്ടിലെ ബാധ്യതകളെല്ലാം തീര്‍ക്കാനായി നെട്ടോട്ടമോടി ജീവിതം നഷ്ടമായ തിരുവനന്തരപുരം സ്വദേശിയുടെ ജീവിതകഥ കണ്ണുനനയിക്കുന്നതാണ്. നിമിഷങ്ങള്‍ക്കകം തന്നെ ഈ പോസ്റ്റ് വൈറലായി.

കുറിപ്പു വായിക്കാം

വെള്ളിയാഴ്ച്ച രാവിലെ പത്തുമണി .. എമിറേറ്റ്‌സ് റോഡ് വഴി ഖസബ് ഒമാനിലേക്കുള്ള പതിവ് യാത്രയിലായിരുന്നു ഞാന്‍.. വെള്ളിയാഴ്ച്ച ആയത് കാരണം റോഡ് ഏറെ കുറെ വിജനമാണു, ഷാര്‍ജ്ജയുടെ അതിരും കടന്ന് അജ്മാന്‍ ഭാഗത്ത് എത്തിക്കാണും ഒരാള്‍ വഴിഅരികില്‍ കൂടി നടന്നു കൊണ്ട് എല്ലാ വണ്ടികള്‍ക്കും കൈകാണിക്കുന്നത് എന്റെ ശ്രദ്ദയില്‍ പെട്ടു.

ഞാന്‍ ഹോണ്‍ മുഴക്കി അയാളുടെ ശ്രദ്ധക്ഷണിച്ചു കുറച്ച് മുന്നോട്ട് വണ്ടി ഒതുക്കി നിര്‍ത്തി, അയാള്‍ ഓടിവന്ന് വണ്ടിയില്‍ കയറി, വണ്ടിയില്‍ നിന്നുമുള്ള മലയാളപാട്ട് കേട്ടുകൊണ്ടായിരിക്കാം വെള്ളമുണ്ടൊ എന്ന് എന്നൊട് മലയാളത്തില്‍ ചോദിച്ചു, ഞാന്‍ വെള്ളം നല്‍കി, സംസാരത്തില്‍ നിന്നും മലയാളിയാണു തിരുവനന്തപുരമാണു സ്ഥലം റാസല്‍ഖൈമക്കാണു പോവേണ്ടത് എന്നൊക്കെ മനസ്സിലാക്കി, കയ്യില്‍ ഒരു മൊബെയില്‍ ഫോണു പോലും ഇല്ല, ഇയാള്‍ ഈ വിജനമായ സ്ഥലത്ത് എങിനെ വന്ന് പെട്ടു എന്ന അന്വേഷണം എന്റെ കണ്ണില്‍ കണ്ണീര്‍ പടര്‍ത്തി …

ഈ നാല്‍പത്തി നാലുകാരന്‍ 15 വര്‍ഷമായി പ്രവാസിയാണു, രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ച കടംവീട്ടി വരുന്നതിനിടയില്‍ സ്വന്തം വിവാഹം സ്വപ്നം മാത്രമായി ഒതുങ്ങി, ഇടക്ക് ജോലി സ്ഥലത്തുനിന്നും ഉണ്ടായ ഒരു മേജര്‍ ആക്‌സിഡന്റില്‍ ശരീരത്തിന്റെ മിക്ക സ്ഥലത്തും സ്റ്റീല്‍ റോഡുകള്‍ സ്ഥാനം പിടിച്ചു, പിന്നീട് ഭാരിച്ച ജോലി ഒന്നും ചെയ്യാനാകാതെ ഒരു കംബനിയില്‍ പ്ലംബറായി ജോലി ചെയ്യുകയായിരുന്നു, അവിടേയുള്ള ജോലി നഷ്ട്ടപെട്ട് വിസ കാന്‍സല്‍ ചെയ്തു നാട്ടിലേക്ക് മടങ്ങാന്‍ നേരം കയ്യില്‍ ഭാക്കിയുള്ള തുക പലിശക്കാര്‍ വീതിച്ചപ്പോള്‍ ബാക്കിയായത് ഇന്ത്യയുടെ ആയിരം രൂപയും നാട്ടിലെ കൊടുക്കാന്‍ ഭാക്കിയുള്ള രണ്ടര ലക്ഷം രൂപയുടെ കടക്കാരുടെ പേരടങ്ങിയ ലിസ്റ്റും.

എന്നാല്‍ നാട്ടില്‍ എത്താനുള്ള വഴിയും ഷാര്‍ജ്ജ എയര്‍പ്പോര്‍ട്ടില്‍ പോയപ്പോള്‍ അയാളുടെ മുന്നില്‍ അടഞ്ഞാണു കണ്ടത്, കാരണം ജോലി ചെയ്ത കംബനിയുടെ ഒരു ഫൈന്‍ അടച്ചാല്‍ മാത്രമെ യാത്ര അനുവദിക്കുകയുള്ളൂ എന്ന് പറഞ്ഞു എമിഗ്രേഷന്‍ ഇയാളെ തിരിച്ചയച്ചു, അങ്ങിനെ ഷാര്‍ജ്ജ എയര്‍പ്പോര്‍ട്ടില്‍ നിന്നും കാല്‍ നടയായി റാസല്‍ ഖൈമക്ക് പോകുമ്പോള്‍ 28 കി ഓളം പിന്നിട്ടപ്പോഴാണു എന്റെ ശ്രദ്ദയില്‍ പെടുന്നത്, രാത്രി മുതല്‍ ആഹാരം ഒന്നും കഴിക്കാത്ത ക്ഷീണം അയാളില്‍ കാണാമായിരുന്നു.

ഒരു പക്ഷെ ആരും തിരിഞ്ഞു നോക്കിയില്ലെങ്കില്‍ ആ മരുഭൂമിയില്‍ എവിടെയെങ്കിലും തൊണ്ട വറ്റി വീണുപോകുമായിരുന്ന ഒരു യുവാവ്, കയ്യില്‍ കുറച്ച് കശു വെച്ച് കൊടുത്തപ്പോള്‍ അദ്യം നിരസിച്ചുകൊണ്ടു പറഞ്ഞു എനിക്ക് ഭക്ഷണം മാത്രം മതി കാശു വേണ്ടാന്ന്, പിന്നീട് നിര്‍ബന്ധിച്ചപ്പോഴാണു സ്വീകരിച്ചത്.

ഇതുമൊരു ഗള്‍ഫ് കാരന്റെ കഥയാണു, നാം കാണുന്ന പള പളപ്പുകള്‍ക്കിടയില്‍ ജീവിക്കുന്ന ജന്മങ്ങള്‍, ഇവരും നമ്മുടെ കൂടപ്പിറപ്പുകളാണു, ഇങ്ങിനെയുള്ളവരെ കാണുംബഴാണു നമുക്ക് ദൈവം നല്‍കിയ മഹത്തായ അനുഗ്രഹങ്ങളെ പറ്റി നാം ശ്രദ്ദാലുവാകുക. റാസല്‍ ഖൈമയില്‍ കൂടെ ജോലി ചെയ്ത ആളുടെ അടുത്ത് കൊണ്ട് ചെന്നാക്കിയപ്പോള്‍ ആ രണ്ടു കണ്ണും നിറഞ്ഞൊഴുകി, ഒന്നും പറയാതെ നടന്നകന്നു.