Breaking News

ശബ്ദരേഖ പുറത്തുവിട്ടത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തോടുള്ള ദ്രോഹമെന്ന് ബിജെപി: ശ്രീധരന്‍പിള്ളയ്ക്ക് വീഡിയോയിലൂടെ പണി കൊടുത്തത് യുവമോര്‍ച്ച നേതാവ് ?

കോഴിക്കോട് യുവമോര്‍ച്ച യോഗത്തില്‍ താന്‍ നടത്തിയ പ്രസംഗം പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ ന്യായീകരണം. ജനസേവനത്തിനുള്ള സുവര്‍ണാവസരമെന്നത് മാദ്ധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു.

തന്ത്രി തന്നെ വിളിച്ചത് അഭിഭാഷകന്‍ എന്ന നിലയിലാണ്. ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ വിളിച്ചാല്‍ അഭിപ്രായം പറയാന്‍ തനിക്ക് അവകാശമില്ലേയെന്നും ശ്രീധരന്‍പിള്ള ചോദിച്ചു. യുവമോര്‍ച്ച യോഗത്തില്‍ രഹസ്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. അത് ബിജെപിയുടെ ഫേസ്ബുക്ക് പേജിലൂടെ ലൈവായി പുറത്ത് വിട്ടിരുന്നു.

തന്റെ പ്രസംഗത്തിലെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം ഇപ്പോള്‍ വാര്‍ത്തയാക്കിയതിന് പിന്നില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ സി.പി.എം ഫ്രാക്ഷനാണെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡല്‍ഹി എ.കെ.ജി സെന്ററില്‍ വച്ച് ആക്രമിച്ചതിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് വരുത്തി തീര്‍ത്തത് സി.പി.എമ്മുകാരായ 12 മാദ്ധ്യമ പ്രവര്‍ത്തകരാണ്. ബി.ജെ.പിക്കെതിരെ മാദ്ധ്യമങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കുകയാണ്. ബി.ജെ.പിക്കെതിരെ പ്രത്യേക മാദ്ധ്യമങ്ങള്‍ക്ക് അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗത്തിലെ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശും പറഞ്ഞു. അഭിഭാഷകന്‍ എന്ന നിലയിലാണ് ശ്രീധരന്‍ പിള്ളയോട് തന്ത്രി ഉപദേശം തേടിയതെന്നും രമേശ് പറഞ്ഞു. ശ്രീധരന്‍പിള്ളയുടെ പ്രസംഗം രഹസ്യമായിരുന്നില്ല. അത് ബിജെപിയുടെ ഫേസ്ബുക്ക് പേജില്‍ അടക്കം ലൈവായി പോയിരുന്നു. അതിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് ആരോപണം ഉന്നയിക്കുന്നതെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശബരിമല വിഷയത്തില്‍ ബിജെപിയുടെ തന്ത്രങ്ങളെല്ലാം പാളിയതിന് പിന്നില്‍ ശക്തമായ ഗ്രൂപ്പ് കളിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രസംഗം ഫെയ്‌സ്ബുക്കിലൂടെ ലൈവ് ചെയ്തിരുന്നുവെങ്കിലും അധികം ആളുകള്‍ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ വിവാദ ഭാഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ മാത്രം മാധ്യമങ്ങള്‍ക്ക് നല്‍കി പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് യുവമോര്‍ച്ച നേതാവ് ‘പണി’കൊടുക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.

പണ്ട് മെഡിക്കല്‍ കോഴയും ഇതുപോലെ തന്നെ പാര്‍ട്ടിക്കുള്ളില്‍നിന്നാണ് പുറംലോകം അറിഞ്ഞത്. നേരത്തെ കുമ്മനം രാജശേഖരന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചതിന് ശേഷം ശ്രീധരന്‍പിള്ളയെ സംസ്ഥാന അധ്യക്ഷനാക്കിയതിനെതിരേ ബിജെപിയില്‍ ഉള്‍പ്പോര് ശക്തമായിരുന്നു.

ശബരിമലയ വിഷയത്തില്‍ ബിജെപി നേടിയെടുത്ത ജനപിന്തുണയുടെ ക്രെഡിറ്റ് ശ്രീധരന്‍ പിള്ളയുടെ പോക്കറ്റിലാവുന്നതു കണ്ട് ചിലര്‍ മനപൂര്‍വ്വം ഒപ്പിച്ച കെണിയാണ് ഇതെന്നും ചില നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. നാലംഗങ്ങളുണ്ടെങ്കില്‍ അഞ്ചു നേതാക്കളുള്ള പാര്‍ട്ടിയാണ് കേരളത്തിലെ ബി.ജെ.പിയെന്ന് ശത്രുക്കള്‍ പാടിനടക്കുന്നതില്‍ എന്തൊക്കെയോ പൊരുളുകളുണ്ടെന്ന് പിള്ളേച്ചന്‍ ഇപ്പോള്‍ ശരിക്കും അറിയുന്നുണ്ടാവും എന്നാണ് ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസം.

ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍ ഇങ്ങനെ:

ശബരിമലയിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്ന സാഹചര്യത്തില്‍ തന്ത്രി കണ്ഠരര് രാജീവരര് തന്നെ വിളിച്ചിരുന്നു. നട അടച്ചാല്‍ കോടതി അലക്ഷ്യമാകില്ലേ അന്ന് അദ്ദേഹം ചോദിച്ചു. കോടതി അലക്ഷ്യമായാലും തന്ത്രി ഒറ്റയ്ക്കാകില്ലെന്നും പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്നും ഉറപ്പ് നല്‍കി. സാറിന്റെ വാക്കുകള്‍ എനിക്ക് വിശ്വാസമാണെന്ന് പറഞ്ഞാണ് അദ്ദേഹം ഫോണ്‍ വച്ചത്. ശബരിമല പ്രശ്‌നം നമുക്കൊരു സുവര്‍ണ അവസരമാണ്. ഈ അവസരം പരമാവധി വിനിയോഗിക്കണം. നമ്മള്‍ മുന്നോട്ട് വച്ച അജന്‍ഡയില്‍ എല്ലാവരും വീണു.