ബിജെപി ഭരണത്തിലുള്ള പാലക്കാട് നഗരസഭയിൽ അവിശ്വാസത്തിന് മുൻപ് വൻ ട്വിസ്റ്റ്

single-img
5 November 2018

ബിജെപി ഭരണത്തിലുള്ള പാലക്കാട് നഗരസഭയിൽ അധ്യക്ഷയ്ക്കും ഉപാധ്യക്ഷനും എതിരെ യുഡിഎഫ് നൽകിയ അവിശ്വാസം ഇന്നു ചർച്ചയ്ക്കെടുക്കാനിരിക്കെ കോൺഗ്രസ് കൗൺസിലർ വി.ശരവണൻ നാടകീയമായി നഗരസഭാംഗത്വം രാജിവച്ചു. ഇന്നു രാവിലെയാണു രാജിക്കത്ത് സെക്രട്ടറിക്കു കൈമാറിയത്. ഇതോടെ അവിശ്വാസം പരാജയപ്പെടുമെന്ന് ഉറപ്പായി.

52 അംഗ നഗരസഭയിൽ ബിജെപി 24, കോൺഗ്രസ് 13, മുസ്‌ലിം ലീഗ് 4, സിപിഎം 9, വെൽഫെയർ പാർട്ടി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണു കക്ഷിനില. അവിശ്വാസം പാസാകാൻ 27 അംഗങ്ങളുടെ പിന്തുണ വേണം. യുഡിഎഫ് അവിശ്വാസത്തെ സിപിഎമ്മും വെൽഫെയർ പാർട്ടിയും പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോ‍ൺഗ്രസ് അംഗം രാജിവച്ചതോട 26 വോട്ടു മാത്രമേ ലഭിക്കൂ. ഈ സാഹചര്യത്തിൽ അവിശ്വാസം പാസാകില്ല. സംസ്ഥാനത്തു ബിജെപി ഭരണത്തിലുള്ള ഏക നഗരസഭയാണ് പാലക്കാട്.

നാല് മാസം മുമ്പ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങളിലൂടെ ബിജെപിയുടെ നാല് സ്ഥിരം സമിതി അധ്യക്ഷൻമാരെ ഇടത് പിന്തുണയോടെ പുറത്താക്കിയിരുന്നു. പാലക്കാട് നഗരസഭയിലെ ബിജെപി ഭരണം അവസാനിപ്പിക്കാൻ സിപിഎമ്മുമായി കൈകോർക്കുന്നതിൽ തെറ്റില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. സിപിഎമ്മിനോട് അയിത്തമില്ലെന്നും കോൺഗ്രസിനോടുളള അവരുടെ മനോഭാവമാണ് മാറേണ്ടതെന്നും അദ്ദേഹം ഇക്കാര്യത്തില്‍ പറഞ്ഞുരുന്നു.