സംസ്ഥാനത്തെ ഏക ബിജെപി നഗരസഭാ ഭരണം താഴെ വീഴുമോ; അവിശ്വാസം ഇന്ന്

single-img
5 November 2018

ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ അധ്യക്ഷയ്ക്കും ഉപാദ്ധ്യക്ഷനുമെതിരെ യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയം ഇന്ന് വോട്ടിനിടും. ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ സി.പി.എം പിന്തുണയോടെ അവിശ്വാസ പ്രമേയം പാസാക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ചർച്ചയും വോട്ടെടുപ്പും ബഹിഷ്കരിക്കാനാണ് ബി.ജെ.പി തീരുമാനം.

സ്ഥിരം സമിതികളില്‍ രണ്ടെണ്ണത്തില്‍ അദ്ധ്യക്ഷസ്ഥാനത്തേക്ക് സി. പി.എം ഏകപക്ഷീയമായി മത്സരിക്കുകയും കോണ്‍ഗ്രസിന് പിന്മാറേണ്ടി വരികയും ചെയ്തതിന്റെ അസ്വാരസ്യം പ്രതിപക്ഷത്ത് നിലനില്‍ക്കുന്നുണ്ട്. ഇത് മുതലെടുത്ത് അവിശ്വസ പ്രമേയ വോട്ടെടുപ്പ് അതിജീവിക്കാനാവുമെന്നു തന്നെയാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നിരയിലെ ഒരു വോട്ടെങ്കിലും അസാധുവായാല്‍പ്പോലും അവിശ്വാസ പ്രമേയം പരാജയപ്പെടും.

അധ്യക്ഷക്കെതിരെയുള്ള അവിശ്വാസം പ്രമേയം രാവിലെ ഒമ്പതിനും ഉപാധ്യക്ഷനെതിരെയുള്ളത് വൈകുന്നേരം മൂന്നിനുമാണ് ചര്‍ച്ചക്കെടുക്കുക. 52 അംഗങ്ങളുള്ള നഗരസഭയില്‍ അവിശ്വാസം പാസാകാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണം. സിപിഎമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണച്ചാല്‍ മാത്രമേ അവിശ്വാസം പാസാകൂ. പ്രമേയത്തെ അനുകൂലിക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് വിപ്പ് നല്‍കിയിട്ടുണ്ട്.

നാല് മാസം മുമ്പ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങളിലൂടെ ബിജെപിയുടെ നാല് സ്ഥിരം സമിതി അധ്യക്ഷൻമാരെ ഇടത് പിന്തുണയോടെ പുറത്താക്കിയിരുന്നു. ഈ നിലപാട് സിപിഎം തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ഇപ്പോൾ നഗരസഭാധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്.

52അംഗ കൗൺസിലിൽ ബിജെപി ക്ക് 24ഉം യുഡിഎഫിന് 18ഉം ഇടതുമുന്നണിക്ക് ഒമ്പത് അംഗങ്ങളാണുളളത്. ഒരു വെൽഫെയ‍ർ പാർടി അംഗവും കൗൺസിലിലുണ്ട്. പ്രതിപക്ഷത്തുളളവർ കൈകോർത്താൽ മാത്രമേ ബിജെപി ഭരണം വീഴൂ.

പാലക്കാട് നഗരസഭയിലെ ബിജെപി ഭരണം അവസാനിപ്പിക്കാൻ സിപിഎമ്മുമായി കൈകോർക്കുന്നതിൽ തെറ്റില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. സിപിഎമ്മിനോട് അയിത്തമില്ലെന്നും കോൺഗ്രസിനോടുളള അവരുടെ മനോഭാവമാണ് മാറേണ്ടതെന്നും അദ്ദേഹം ഇക്കാര്യത്തില്‍ പറഞ്ഞു.