മക്കയില്‍ കനത്തമഴയില്‍ വീടുകളും റോഡുകളും വെള്ളത്തിനടിയിലായി; നിര്‍മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട തൊഴിലാളികള്‍ കുടുങ്ങി; മലയാളിയടക്കം മരിച്ചവരുടെ എണ്ണം 22 ആയി

single-img
5 November 2018

കനത്തമഴ തുടരുന്ന മക്കയില്‍ വീടുകളും റോഡുകളും വെള്ളത്തിനടിയിലായി. ഒട്ടേറെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ഡാമില്‍ കുടുങ്ങിയ മൂന്നു വിദേശികളെ ഹെലികോപ്റ്ററില്‍ സുരക്ഷാസേന രക്ഷപ്പെടുത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട തൊഴിലാളികള്‍ പ്രളയത്തില്‍ കുടുങ്ങുകയായിരുന്നു. നേപ്പാള്‍, യെമന്‍, ഈജിപ്ത് സ്വദേശികളെയാണ് രക്ഷപ്പെടുത്തിയത്.

അതേസമയം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന മഴയുടെ ശക്തി കുറഞ്ഞു. പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ മഴയാണ് രണ്ട് ദിവസമുണ്ടായത്. ജിദ്ദയില്‍ മഴയെതുടര്‍ന്ന് കടല്‍ ക്ഷോഭവുമുണ്ടായി. മഴക്കെടുതിയില്‍ മലയാളിയടക്കം മരിച്ചവരുടെ എണ്ണം 22 ആയി.

ജിദ്ദയിലെ കോര്‍ണീഷില്‍ അപ്രതീക്ഷിതമായി ഇന്നലെ തിരമാലകള്‍ അടിച്ചുവീശി. കനത്ത മഴയാണ് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഉണ്ടായത്. മിക്കയിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു. മക്ക, മദീന, നജ്‌റാന്‍, അല്‍ ബഹ, യാമ്പു, തബൂക്ക് എന്നിവിടങ്ങളില്‍ ഇടിയോടു കൂടിയായിരുന്നു മഴ.

മദീന, തായിഫ് എന്നിവിടങ്ങളില്‍ റോഡുകളിലേക്കു പാറക്കെട്ടുകള്‍ വീണു ഗതാഗതം തടസ്സപ്പെട്ടു. ജിദ്ദയില്‍ ഇലക്ട്രിക് പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് മലയാളി മരിച്ചു. മലപ്പുറം തുവ്വൂര്‍ സ്വദേശി ഇരുപത്തി എട്ടുകാരന്‍ നിയാസ് ആണ് മരിച്ചത്. മരം ദേഹത്തു വീണു മറ്റൊരു മലയാളിക്ക് ഗുരുതര പരിക്കുണ്ട്. രാജ്യത്തൊട്ടാകെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി. റിയാദടക്കമുള്ള മേഖലകളില്‍ മൂടിക്കെട്ടിയ കാലാവസ്ഥ തുടരുകയാണ്.