ജനം ടി.വി വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയാണെന്ന് ശശികല

single-img
5 November 2018

ശബരിമലയുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനും നേര്‍ക്ക് നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ സിപിഎം മുന്‍ ആലുവ ഏരിയ കമ്മിറ്റി അംഗം ശശികല റഹീം രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ അടക്കം നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ഫേസ്ബുക്ക് ലൈവില്‍ അവര്‍ വ്യക്തമാക്കി.

തനിക്കെതിരെ ജനം ടി.വി വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയാണ്. തന്റെ മരുമകള്‍ ശബരിമലയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത ജനം ടി.വി കെട്ടിച്ചമച്ചതാണെന്ന് ശശികല പറഞ്ഞു. യുക്തിവാദ സംഘത്തോടൊപ്പം ശശികലയുടെ മരുമകള്‍ സുമേഖ തോമസ് ശബരിമലയിലേക്ക് പോകുന്നുവെന്നായിരുന്നു വ്യാജ പ്രചാരണം.

തുടര്‍ന്ന് ശശികലയ്ക്കും മരുമകള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ വലിയ ആക്രമണമാണ് ഒരു വിഭാഗം ആളുകള്‍ അഴിച്ചു വിട്ടത്. ഇതേത്തുടര്‍ന്നാണ് ഫേസ്ബുക്കിലൂടെ അവര്‍ വിശദീകരണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി തനിക്ക് മുട്ടിന് തേയ്മാനമുണ്ടെന്നും സ്വന്തം വീടിന്റെ മുറ്റത്തേക്ക് പോലും ഇറങ്ങാന്‍ പ്രയാസപ്പെടുന്ന തനിക്കെങ്ങനെയാണ് പമ്പ വരെ പോകാന്‍ കഴിയുക എന്നും ശശികല റഹിം ഫേസ്ബുക്ക് ലൈവില്‍ ചോദിക്കുന്നു.

താനോ തന്റെ കുടുംബമോ അറിയാത്ത കാര്യമാണ്. മരുമകള്‍ ഒരു മാസമായി അവളുടെ വീട്ടിലാണ്. അവളെ വിളിച്ചപ്പോള്‍ അവള്‍ക്കും ഇതിനെപ്പറ്റി ഒന്നുമറിയില്ല. അവിടുത്തെ യുക്തിവാദി സംഘത്തിലെ ആളുകളുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു തീരുമാനം അവര്‍ എടുത്തിട്ടില്ല. അത് ഞങ്ങള്‍ക്ക് പോകാനുള്ള സ്ഥലമല്ല എന്നായിരുന്നു അവരുടെ മറുപടി എന്നും ശശികല റഹിം പറുന്നു.

ഈ വാര്‍ത്തയുടെ പേരില്‍ തനിക്കോ കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം വാര്‍ത്ത നല്‍കിയവര്‍ക്കാകും”. ഇങ്ങനെ തന്റെ പേര് ദുരുപയോഗം ചെയ്യുമെന്ന് ഒരുക്കലും കരുതിയില്ല. വിജലന്‍സില്‍ നിന്നെല്ലാം ആളുകള്‍ വിളിച്ച് ചോദിക്കുകയാണ്. തന്റെ പാര്‍ട്ടിയുടെ നയമല്ല ശബരിമലയിലേക്ക് പോകാന്‍ ആളെ കൂട്ടുക എന്നത്. അങ്ങനെ ആരോടും പാര്‍ട്ടി പറഞ്ഞിട്ടില്ലെന്നും ശശികല റഹീം കൂട്ടിച്ചേര്‍ത്തു.