‘എപ്പോള്‍ വേണമെങ്കിലും ഞാന്‍ കൊല്ലപ്പെടാം’; ആവര്‍ത്തിച്ച് കത്വ പെണ്‍കുട്ടിയുടെ അഭിഭാഷക ദീപിക സിംഗ് രജാവത്

single-img
5 November 2018

തന്റെ ജീവന് ഭീഷണിയുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും വെളിപ്പെടുത്തി കത്വ കേസ് അഭിഭാഷക ദീപിക് സിംഗ് രജാവത്. കത്വ പെണ്‍കുട്ടിയുടെ കേസ് ഏറ്റെടുത്ത ശേഷം ബലാത്സംഗ ഭീഷണികളും വധഭീഷണികളും താന്‍ നിരന്തരമായി നേരിട്ട് കൊണ്ടിരിക്കുകയാണെന്നും ദീപിക സിംഗ് വെളിപ്പെടുത്തി.

24 മണിക്കൂറും ജാഗ്രത പുലര്‍ത്തുക എന്നത് ജീവിതചര്യയുടെ ഭാഗമായെന്ന് ദീപിക പറയുന്നു. ഇതാദ്യമായല്ല ജീവന് ഭീഷണിയുണ്ടെന്ന കാര്യം ദീപിക വെളിപ്പെടുത്തുന്നത്. ജനുവരിയില്‍ ദീപികയ്ക്കും കുടുംബത്തിനും സംസ്ഥാന പൊലീസ് സുരക്ഷയേര്‍പ്പെടുത്തിയിരുന്നു.

സുരക്ഷയേര്‍പ്പെടുത്തിയിട്ടും സാഹചര്യങ്ങള്‍ക്ക് ഇപ്പോഴും മാറ്റമില്ല. മകളും ഭര്‍ത്താവുമുള്ള വീട്ടില്‍ പേടിയോടെയാണ് കഴിയുന്നത്. വീട്ടിലെത്തിയാല്‍ ഗേറ്റ് പൂട്ടിയോ എന്ന് രണ്ടുതവണ പരിശോധിക്കുമെന്ന് ദീപിക പറയുന്നു. ആറുവയസ്സുകാരിയുടെ അമ്മയാണ് താനെന്നും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെ ഭയപ്പെടുത്തുന്നു എന്നും ഇവര്‍ പറയുന്നു.

രാജ്യദ്രോഹിയായി മുദ്ര കുത്തുന്നത് കണ്ടപ്പോള്‍ ഭര്‍ത്താവിനും ആശങ്കയുണ്ടായിരുന്നു. അപകടത്തില്‍ ചെന്ന് ചാടരുതെന്ന് മാതാപിതാക്കളും സഹോദരങ്ങളും ഉപദേശിച്ചു. അവരെല്ലാം ഭീതിയോടെയാണ് ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്. ഇത്രയേറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് കേസ് ഏറ്റെടുക്കുമ്പോള്‍ ചിന്തിച്ചിരുന്നില്ലെന്നും ദീപിക സിംഗ് രജാവത് പറയുന്നു.

2018 ജനുവരിയിലാണ് കത്വയില്‍ എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത്. പ്രതികളെ പിന്തുണച്ച് പ്രദേശവാസികളും സംസ്ഥാനത്തെ ബിജെപി മന്ത്രിമാരും പ്രതിഷേധപ്രകടനങ്ങളും റാലികളും നടത്തിയത് വിവാദമായിരുന്നു.