ദുല്‍ഖറിന് അന്ന് മലയാളം വായിക്കാനറിയില്ല; കഷ്ടപ്പെട്ടാണ് അദ്ദേഹം ഡയലോഗ് പഠിച്ചിരുന്നത്: അജു വര്‍ഗീസ് പറയുന്നു

single-img
5 November 2018

ദുല്‍ഖര്‍ സല്‍മാന്റെ അഭിനയ ജീവിതത്തോടുള്ള ആത്മാര്‍ത്ഥതയെയും കഠിനാധ്വാനത്തെയും കുറിച്ച് വെളിപ്പെടുത്തലുമായി നടന്‍ അജു വര്‍ഗീസ്. ദുല്‍ഖര്‍ കഠിനാധ്വാനിയായ നടനാണെന്നാണ് അജു പറയുന്നത്. ‘കഠിനാധ്വാനം കൊണ്ടാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ മലയാളസിനിമയിലെ ഒരു ബ്രാന്‍ഡ് ആയി മാറാന്‍ ദുല്‍ഖറിന് കഴിഞ്ഞത്.

ദുല്‍ഖറിനൊപ്പം ഒരു ചിത്രത്തിലേ അഭിനയിച്ചിട്ടുള്ളൂ, 100 ഡെയ്‌സ് ഓഫ് ലവ്. അതും മൂന്ന് ദിവസം മാത്രം. വളരെ നന്നായി പെരുമാറുന്നയാളാണ് അദ്ദേഹം. ദുല്‍ഖറിന് അന്ന് മലയാളം വായിക്കാനറിയില്ല. മലയാളം ഇംഗ്ലീഷിലെഴുതി കഷ്ടപ്പെട്ടാണ് അദ്ദേഹം ഡയലോഗ് പഠിച്ചിരുന്നത്.

ഡയലോഗില്‍ യാതൊരുവിധത്തിലുള്ള കൃത്രിമത്വവും വരുത്താന്‍ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു’ അജു പറഞ്ഞു. ഇനിയും ദുല്‍ഖറിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അജു വ്യക്തമാക്കി. മഴവില്‍ മനോരമയുടെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് അജു വര്‍ഗീസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.