പഞ്ചാബിനോട് ‘ഗുഡ്‌ബൈ’ പറഞ്ഞ് വീരേന്ദര്‍ സെവാഗ്

single-img
4 November 2018

പ്രീതി സിന്റ ഉടമയായ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയുള്ള സേവനം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം വീരേന്ദര്‍ സെവാഗ് അവസാനിപ്പിച്ചു. സെവാഗ് തന്നെയാണ് കരാര്‍ അവസാനിപ്പിച്ച വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ”കിങ്‌സ് ഇലവന്‍ പഞ്ചാബുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണ്.

എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട് എന്നാണല്ലോ.. കിങ്‌സ് ഇലവന്‍ പഞ്ചാബുമൊത്തുള്ള നിമിഷങ്ങള്‍ വളരെ മികച്ചതായിരുന്നു. ടീമിലെ താരമെന്ന നിലയില്‍ രണ്ട് വര്‍ഷവും ടീമിന്റെ മെന്റര്‍ എന്ന നിലയില്‍ മൂന്ന് വര്‍ഷവും പ്രവര്‍ത്തിച്ചു. എല്ലാവര്‍ക്കും നന്ദി.. ഭാവിയില്‍ മികച്ച നേട്ടങ്ങളിലേക്ക് സഞ്ചരിക്കാന്‍ ടീമിനെ ആശംസിക്കുന്നതായും” സെവാഗ് പറഞ്ഞു.

2014ല്‍ ആയിരുന്നു വീരു പഞ്ചാബ് ടീമിലെത്തുന്നത്. നായകനായിരുന്ന വീരു ഒരു തവണ ടീമിനെ ഫൈനലിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പ്രീതി സിന്റയും സേവാഗും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടീമിന്റെ രാജസ്ഥാന്‍ റോയല്‍സുമായുള്ള മത്സരശേഷം സേവാഗിന്റെ തന്ത്രങ്ങളെ ചൊല്ലി പ്രീതി കയര്‍ത്തു സംസാരിക്കുകയായിരുന്നു.

ഇതിന് പിന്നാലെ മെന്റര്‍ സ്ഥാനം ഒഴിയാന്‍ സേവാഗ് താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.