ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 3731 ആയി; മൂന്നു ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു; പ്രതിഷേധം കടുപ്പിക്കുമെന്ന് ബിജെപി; മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമില്ലെന്ന് ഡിജിപി

single-img
4 November 2018

ചിത്തിര ആട്ട തിരുനാള്‍ പൂജയ്ക്കു ശബരിമല നട തുറക്കാനിരിക്കെ നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. മൂന്നു ദിവസത്തെ നിരോധനാജ്ഞ നിലവില്‍ വന്നു. യുവതീപ്രവേശം തടയാന്‍ എത്തുന്നവരെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കസ്റ്റഡിയിലെടുക്കാനും നിര്‍ദേശമുണ്ട്.

പൊലീസിന്റെ നിരീക്ഷണ ക്യാമറകള്‍ക്കൊപ്പം 12 ഫെയ്‌സ് ഡിറ്റക്ഷന്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പമ്പയില്‍നിന്നു സന്നിധാനത്തേക്കു നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാകും തീര്‍ഥാടകരെ കയറ്റുക. ദര്‍ശനം കഴിഞ്ഞു സ്വാമി അയ്യപ്പന്‍ റോഡിലൂടെ മലയിറങ്ങാം.

സന്നിധാനത്ത് ആവശ്യമെങ്കില്‍ വനിതാ പൊലീസിനെ നിയോഗിക്കും. 50 വയസ്സുകഴിഞ്ഞ 30 വനിതാ പൊലീസുകാര്‍ക്കു തയാറായിരിക്കാന്‍ നിര്‍ദേശം നല്‍കി. പ്രതിഷേധക്കാരായ സ്ത്രീകള്‍ സന്നിധാനത്തെത്തിയാല്‍ തടയാനാണിത്. അതേസമയം, സ്ത്രീകളെ അണിനിരത്തി സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്നും സൂചനയുണ്ട്.

അതേസമയം ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സുരക്ഷാക്രമീകരണം പൂര്‍ത്തിയാക്കിയാല്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. തുലാമാസ ചടങ്ങുകള്‍ക്ക് നടതുറന്ന സമയത്ത് ശബരിമലയിലും പരിസരത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ തീരുമാനമെടുത്തത്.

അതിനിടെ, സന്നിധാനം, പമ്പ, നിലക്കല്‍ , ഇലവുങ്കല്‍ എന്നീ നാല് സ്ഥലങ്ങളില്‍ ആറാം തിയ്യതി അര്‍ധരാത്രിവരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ശബരിമലയിലും നിലയ്ക്കലിലും ഉണ്ടായ സംഘര്‍ഷത്തില്‍ 3731 പേര്‍ ഇതുവരെ അറസ്റ്റിലായി. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.