വിരമിക്കല്‍ പ്രഖ്യാപിച്ച് അമ്പാട്ടി റായിഡു

single-img
4 November 2018

ഹൈദരാബാദ്: രഞ്ജി ട്രോഫി ഉള്‍പ്പടെയുള്ള ദൈര്‍ഘ്യമേറിയ മത്സരങ്ങളില്‍ ഇനി അമ്പാട്ടി റായിഡുവിന്റെ കളി കാണാനാവില്ല. ടിട്വന്റിയിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എല്ലാ തരത്തിലുമുള്ള ദൈര്‍ഘ്യമേറിയ മത്സരങ്ങളില്‍ നിന്ന് വിരമിക്കുകയാണെന്ന് അമ്പാട്ടി റായിഡു വ്യക്തമാക്കി.

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെ കത്ത് മുഖേനെയാണ് റായിഡു ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ നാലാം നമ്പര്‍ ബാറ്റ്‌സ്മാനായാണ് റായിഡു കളിക്കുന്നത്. ഒരു ടെസ്റ്റ് പോലും ഇന്ത്യക്കുവേണ്ടി കളിക്കാന്‍ റായിഡുവിനായിട്ടില്ല.

‘പരിമിത ഓവര്‍ മത്സരങ്ങളില്‍ അന്താരാഷ്ട്ര പ്രാദേശിക വേദികളില്‍ തുടര്‍ന്നു കളിക്കും. കഴിഞ്ഞവര്‍ഷങ്ങളില്‍ നല്‍കിയ പിന്തുണക്ക് ബി.സി.സി.ഐക്കും എച്ച്.സി.എക്കും ബറോഡ ക്രിക്കറ്റ് അസോസിയേഷനും വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനും നന്ദി അറിയിക്കുന്നു’ എന്നാണ് വിരമിക്കല്‍ കുറിപ്പില്‍ അമ്പാട്ടി റായിഡു വ്യക്തമാക്കിയിരിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി അടക്കമുള്ള മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് റായിഡുവിന്റെ തീരുമാനം. തികച്ചും അപ്രതീക്ഷിതമായാണ് റായിഡു വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്തയാഴ്ച്ച നടക്കുന്ന തമിഴ്‌നാടിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ റായിഡു ഹൈദരാബാദിന് വേണ്ടി ഓപണറായി കളിക്കുമെന്നായിരുന്നു പ്രതീക്ഷ.

2013-14 കാലയളവില്‍ ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചിരുന്ന റായിഡുവിന് ആദ്യ പതിനൊന്നില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നില്ല. 2013ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ഹൈദരാബാദ് താരത്തിന് 2016ല്‍ സ്ഥാനം നഷ്ടപ്പെട്ടു.

പിന്നീട് ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി പുറത്തെടുത്ത മികച്ച പ്രകടനത്തോടെ റായിഡു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയായിരുന്നു. 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 6151 റണ്‍സ് റായിഡു നേടിയിട്ടുണ്ട്. 45.56 ശരാശരിയില്‍ 16 സെഞ്ചുറിയും 35 അര്‍ധസെഞ്ചുറിയുമാണ് റായിഡു കുറിച്ചിട്ടുള്ളത്.

ഇന്ത്യയ്ക്ക് വേണ്ടി 44 ഏകദിനങ്ങളും ആറു ടിട്വന്റിയും മുപ്പത്തിമൂന്നുകാരന്‍ കളിച്ചിട്ടുണ്ട്. 44 ഏകദിനങ്ങളില്‍ നിന്ന് മൂന്നു സെഞ്ചുറിയടക്കം 1447 റണ്‍സും ആറു ടിട്വന്റിയില്‍ നിന്ന് 42 റണ്‍സുമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.