യുവതികളെ കാണാന്‍ തയ്യാറല്ലാത്ത ദൈവത്തെ കാണണ്ട, അത് ദൈവമല്ല: തുറന്നടിച്ച് പ്രകാശ് രാജ്

single-img
4 November 2018

സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവങ്ങളൊന്നും തന്റെ ദൈവമല്ലെന്ന് നടന്‍ പ്രകാശ് രാജ്. ‘അമ്മയ്ക്ക് ജനിച്ചവരാരും ആരാധനാ സ്വാതന്ത്ര്യം തടയരുത്. എല്ലാവരും ജനിച്ചത് അമ്മയില്‍ നിന്നാണ്. എന്നിട്ടും സ്ത്രീകള്‍ക്ക് ആരാധനാ കാര്യത്തില്‍ വിലക്കെന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ സംസാരിക്കുന്നതിനിടെ പ്രകാശ് രാജ് പറഞ്ഞു.

‘എല്ലാവരും വിശ്വസിക്കുന്നത് നമുക്ക് ജീവന്‍ നല്‍കിയത് സ്ത്രീ ആണെന്നാണ്. അവരെ നമ്മള്‍ ഭൂമിദേവി എന്ന് വിളിക്കുമ്പോള്‍ അവര്‍ക്ക് പ്രാര്‍ഥിക്കണമെന്നുണ്ടെങ്കില്‍ അവര്‍ അത് ചെയ്യട്ടെ നിങ്ങള്‍ അതിന് അവരെ അനുവദിക്കൂ. എന്റെ അമ്മയെ ആരാധിക്കാന്‍ അനുവദിക്കാത്ത ഒരു മതവും എനിക്ക് മതമല്ല. എന്റെ അമ്മയെ ആരാധനയില്‍ നിന്നും വിലക്കുന്ന ഒരു ഭക്തരും എനിക്ക് ഭക്തരല്ല. എന്റെ അമ്മ ആരാധിക്കേണ്ട എന്ന് പറയുന്ന ഒരു ദൈവവും എനിക്ക് ദൈവമല്ല’. പ്രകാശ് രാജ് പറഞ്ഞു.

3000 കോടി രൂപ ചെലവിട്ട് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് ചോദിച്ച ഫണ്ട് അനുവദിക്കാത്ത ഭരണാധികാരിയാണ് പ്രതിമക്കായി 3000 കോടി ചെലവാക്കിയത്.

സ്വന്തം കാലില്‍ നില്‍ക്കാന്‍ കേരളം 2000 കോടി ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത് 500 കോടിയാണ്. കേരളം ചോദിച്ചത് പിച്ചക്കാശല്ല നികുതി പണമാണ്. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.