നാളെ ബി.ജെ.പിയില്‍ ചേരുന്ന ഉന്നത സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ ആരൊക്കെ?: അഭ്യൂഹങ്ങള്‍ ശക്തം

single-img
4 November 2018

കൂടുതല്‍ പേര്‍ ബിജെപിയിലേക്കെത്തുമെന്ന പ്രസ്താവനയ്ക്കു പിന്നാലെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. കോണ്‍ഗ്രസില്‍ നിന്നു മാത്രമല്ല സിപിഎമ്മില്‍ നിന്നും ആളുകള്‍ ബിജെപിയിലേക്ക് എത്തുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

ഇരുപാര്‍ട്ടികളില്‍ നിന്നുമായി 12 പേര്‍ തിങ്കളാഴ്ച ഉച്ചയ്ക്കു പത്തനംതിട്ടയില്‍ ബിജെപി അംഗത്വം സ്വീകരിക്കും. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ്, കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ ഭാരവാഹി, എല്‍ഡിഎഫ് ലോക്കല്‍ കണ്‍വീനര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയാണിത്.

കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയില്‍ ചേരാനായി തന്നെ സമീപിക്കുന്നുണ്ട്. തന്റെ കയ്യിലൊതുങ്ങാത്ത കാര്യമായതിനാല്‍ പലരെയും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അടുക്കലേക്കാണ് അയയ്ക്കുന്നത്. ബിജെപിയിലേക്കു വരണമെന്നാവശ്യപ്പെട്ടാല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.എം.ലോറന്‍സിന്റെ കുടുംബത്തിലെ കുറേ അംഗങ്ങള്‍ പാര്‍ട്ടിയിലേക്കെത്തുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു ഉന്നതന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ശ്രീധരന്‍പിള്ള നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തിലെ പ്രതിഷേധത്തെ തുടര്‍ന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ജി.രാമന്‍നായര്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ ആ ഉന്നതനെക്കുറിച്ചുള്ള സംസാരം വീണ്ടും സജീവമായി.

എന്നാല്‍ ജി.രാമന്‍നായരല്ല ആ ഉന്നതനെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംസ്ഥാന രാഷ്ട്രീയത്തില്‍ കോലാഹലം സൃഷ്ടിക്കുന്ന ആ ഉന്നതന്റെ വരവ് നാളെയുണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് രാഷ്ട്രീയ രംഗത്ത് പ്രചരിക്കുന്നത്. തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് ആരും പോകില്ലെന്ന് സി.പി.എമ്മും കോണ്‍ഗ്രസും ഉറപ്പിക്കുന്നുണ്ടെങ്കിലും ഇരുപാര്‍ട്ടികളും ആശങ്കയിലാണെന്നാണ് വിവരം.