ബാലഭാസ്കറും മകളും മരിച്ച കാറപകടത്തെപ്പറ്റിയുള്ള ഭാര്യ ലക്ഷ്മിയുടെ മൊഴിയെത്തുടർന്ന് കേസ് പുതിയ വഴിത്തിരിവിലേക്ക്

single-img
4 November 2018

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌ക്കര്‍ കൊല്ലപ്പെട്ട വാഹനാപകടം സംബന്ധിച്ച് ദുരൂഹത നീങ്ങുന്നില്ല. അപകടം നടക്കുമ്പോള്‍ വാഹനം ഒാടിച്ചത് ബാലഭാസ്‌ക്കറല്ലെന്ന് ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മി ആറ്റിങ്ങല്‍ ഡി.വൈഎസ്പിക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്.
അപകടമുണ്ടായ ദിവസം കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌ക്കറാണെന്ന് ഡ്രൈവര്‍ അര്‍ജുന്‍ പോലീസിന് മൊഴി നല്‍കിയതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന അര്‍ജുന്‍ തൃശൂരിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പോലീസ് മൊഴിയെടുത്തത്.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി തിങ്കളാഴ്ചയായിരുന്നു ആശുപത്രി വിട്ടത്. അപകടം നടക്കുമ്പോൾ ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. ലക്ഷ്മിയുടെ മൊഴിപ്രകാരം അപകടസമയത്ത് വാഹനമോടിച്ചിരുന്നത് അര്‍ജുന്‍ ആണ്. ലക്ഷ്മി മകള്‍ തേജസ്വിനിയുമായി മുന്‍സീറ്റില്‍ ഇരുന്നു. ബാലഭാസ്കര്‍ പിന്നിലായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ സാധാരണ ബാലഭാസ്കര്‍ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നല്‍കി.

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്​ഷനു സമീപം സെപ്റ്റംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. രണ്ടു വയസ്സുകാരിയായ മകൾ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ മരണത്തിന് കീഴടങ്ങി.

അപകടത്തിനു ശേഷം ഏതാനും ദിവസത്തിനുള്ളിൽത്തന്നെ പൊലീസിന് അർജുന്റെ മൊഴിയെടുക്കാനായിരുന്നു. ഗുരുതര പരുക്കുകളുമായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ലക്ഷ്മിയുടെ മൊഴിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. ലക്ഷ്മിയുടെയും അർജുന്റെയും മൊഴികളിലെ വൈരുധ്യം വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം