അന്താരാഷ്ട്ര ക്രിക്കറ്റില്‍ നാണംകെട്ട് ഓസ്‌ട്രേലിയ: തുടര്‍ച്ചയായ ഏഴാം മത്സരത്തിലും തോല്‍വി; കഴിഞ്ഞ 19 അന്താരാഷ്ട്ര മത്സരങ്ങളില്‍ 17എണ്ണത്തിലും തോറ്റു

single-img
4 November 2018

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിലും ഓസ്‌ട്രേലിയക്ക് തോല്‍വി. 6 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക കംഗാരുപ്പടയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് 152 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 38.1 ഓവറില്‍ എല്ലാവരും പുറത്തായി.

മറുപടി ബാറ്റിങിലാവട്ടെ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 29.2 ഓവറില്‍ ലക്ഷ്യം മറികടക്കുകയും ചെയ്തു. കഴിഞ്ഞ 19 അന്താരാഷ്ട്ര മത്സരങ്ങളില്‍ 17ാമത്തെ തോല്‍വിയാണ് ഓസ്‌ട്രേലിയയുടെത്. മാത്രമല്ല ഏഴാമത്തെ തുടര്‍ച്ചയായ തോല്‍വിയും. ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ തോല്‍ക്കുന്നത്.

വാര്‍ണറും സ്മിത്തും സസ്‌പെന്‍ഷന്‍ നേരിടുന്നതും ഇരുവര്‍ക്കും പകരക്കാരെ ഇതുവരെ കണ്ടെത്താനാവാത്തതുമാണ് ഓസ്‌ട്രേലിയക്ക് വിനയാകുന്നത്. ഇതിന് മുമ്പ് പാകിസ്താനെതിരെ നടന്ന മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കംഗാരുപ്പട അമ്പെ പരാജയപ്പെടുകയായിരുന്നു.

രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയും കൈവിട്ടു. എന്നാല്‍ സ്വന്തം നാട്ടില്‍ കഥ മറ്റൊന്നായിരിക്കുമെന്ന് കരുതിയെങ്കിലും ദക്ഷിണാഫ്രിക്കയോട് ആദ്യ മത്സരത്തില്‍ തന്നെ തോറ്റു. മൂന്ന് വിക്കറ്റെടുത്ത അന്‍ഡെയ്ല്‍ ഫെഹ്‌ലുക്വായൊ രണ്ട് വിക്കറ്റ് വീതമെടുത്ത ഡെയില്‍ സ്റ്റെയിന്‍, ലുങ്കി എന്‍ഗിഡി, ഇംറാന്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ആസ്‌ട്രേലിയയെ ചെറുസ്‌കോറിലൊതുക്കിയത്.