ശബരിമലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാ‌ജ്ഞ; നിലയ്‌ക്കല്‍ മുതല്‍ കടുത്ത പരിശോധന

single-img
3 November 2018

പമ്പ: ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിന് നടതുറക്കുന്നതിന് മുന്നോടിയായി നിലക്കൽ ,പമ്പ ,സന്നിധാനം ,ഇലവുങ്കൽ എന്നിവിടങ്ങളിൽ ഇന്ന് അർദ്ധ രാത്രി മുതൽ ആറിന് രാത്രിവരെ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചു. നട തുറക്കുന്ന അഞ്ചിന് ഉച്ചയ്ക്ക് ശേഷം മാത്രമേ ഭക്തർക്ക് സന്നിധാനത്തേക്കും പമ്പയിലേക്കും പ്രവേശനം അനുവദിക്കൂ.

നട തുറക്കുന്ന തിങ്കളാഴ്ച മുതല്‍ ശബരിമലയെ നാല് മേഖലകളായി തിരിച്ച്‌ പൊലീസ് വലയത്തിലാക്കും. ആദ്യഘട്ടമായി 1200 പൊലീസുകാരെ ഇന്നു വിന്യസിക്കും. തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ അയ്യപ്പഭക്തരെ നിലയ്ക്കലില്‍ പരിശോധിച്ച ശേഷമേ പമ്പയിലേക്കും സന്നിധാനത്തേക്കും വിടൂ.

ദക്ഷിണ മേഖലാ എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് ഐ.ജിമാര്‍, അഞ്ച് എസ്.പിമാര്‍, 10 ഡിവൈ.എസ്.പിമാര്‍ എന്നിവര്‍ സുരക്ഷാ ചുമതല നിര്‍വഹിക്കും. ശബരിമലയും പരിസര പ്രദേശങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചാണ് നടപടികള്‍.

അഞ്ചാം തീയതി ശബരിമല ദര്‍ശനത്തിനു യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ പൊലീസ് സുസജ്ജമെന്ന് പത്തനംതിട്ട എസ്പി ടി. നാരായണൻ നേരത്തെ അറിയിച്ചിരുന്നു‍. മാധ്യമങ്ങളെ നേരത്തേ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അഞ്ചിന് രാവിലെ എട്ട് മണിക്ക് മാത്രമേ മാധ്യമപ്രവർത്തകരെ നിലയ്ക്കലിൽനിന്ന് കടത്തിവിടൂ. അതേസമയം, ഭക്തരെ ഉച്ചയോടെ കടത്തിവിടാനാണ് തീരുമാനം.