ഓര്‍ഡിനന്‍സിനായി കാത്തിരിക്കില്ല; ക്ഷേത്രനിര്‍മ്മാണം ഡിസംബറില്‍ തുടങ്ങുമെന്ന് രാം ജന്മഭൂമി ന്യാസ്

single-img
3 November 2018

ലക്‌നൗ: ഡിസംബറില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് രാം ജന്മഭൂമി ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി. ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ല, ഉഭയകക്ഷി സമ്മതത്തോടെ നിര്‍മ്മാണം തുടങ്ങുമെന്ന് വേദാന്തി പറഞ്ഞു.

സംഘപരിവാർ സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്‍റെ ഉപസംഘടനയാണ് രാം ജന്മഭൂമി ന്യാസ്. രാമക്ഷേത്രത്തിന്‍റെ നിർമാണത്തിനും മേൽനോട്ടത്തിനുമായി രൂപീകരിച്ച ട്രസ്റ്റാണിത്.

അതേസമയം, രാമക്ഷേത്ര നിര്‍മാണത്തിന് നിയമം കൊണ്ടുവരുന്നതിനെ അനുകൂലിച്ച്‌ ജസ്റ്റിസ് ചെലമേശ്വര്‍ രംഗത്തെത്തി. ക്ഷേത്രം പണിയാന്‍ വേണ്ടി സര്‍ക്കാരിന് നിയമം കൊണ്ടുവരാന്‍ കഴിയും. സുപ്രീംകോടതിയില്‍ കേസ് നടക്കുമ്പോഴും ഇത് സാധ്യമാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം, രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്രസർക്കാർ ഓർഡിനൻസ്​ ഇറക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയിൽ വിശ്വാസമുണ്ട്. എന്നാൽ ഉടനടി അയോധ്യ കേസിൽ വിധി പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് അനന്തമായി കാത്തിരിക്കാനുമാകില്ല. വേണ്ടിവന്നാൽ 1992 ആവർത്തിക്കുമെന്നും ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി മുന്നറിയിപ്പ് നൽകിയിരുന്നു.