അധ്യാപിക വെടിയേറ്റു മരിച്ചതിന് പിന്നില്‍ ഭര്‍ത്താവിന്റെ കാമുകി നല്‍കിയ 10 ലക്ഷത്തിന്റെ ക്വട്ടേഷന്‍.

single-img
3 November 2018

ദില്ലി: രാജ്യതലസ്ഥാനത്ത് അധ്യാപിക വെടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവ്. കാമുകന്‍റെ ഭാര്യയായ സുനിത (38)യെ കൊല്ലാന്‍ പത്ത് ലക്ഷം രൂപയുടെ ക്വട്ടേഷന്‍ പ്രശസ്ത മോഡല്‍ നല്‍കിയതായി അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച് സ്കൂളിലേക്ക് പോകുന്ന വഴിയാണ് സുനിതയ്ക്ക് വെടിയേറ്റത്.

സുനിതയുടെ ഭര്‍ത്താവ് മന്‍ജീത്(38), സുഹൃത്തുക്കളായ ഏഞ്ചല്‍ ഗുപ്ത എന്ന ശശി പ്രഭ(26), രാജീവ്(40) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്തതിരുന്നു. മന്‍ജീത്തിന് ഏഞ്ചലുമായി സൗഹൃദത്തില്‍ കവിഞ്ഞ ബന്ധമുണ്ടായിരുന്നെന്നും ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് സുനിതയെ ഒഴിവാക്കണമെന്ന് ഇരുവരും തീരുമാനിച്ചു. ഇതിനിടെ സുനിതയുടെ സഹോദരന്‍ ഏഞ്ചലിന്റെ വീട്ടില്‍ പോയി മന്‍ജീത്തിനെ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഏതുവിധേനയും സുനിതയെ ഇല്ലാതാക്കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. ഏഞ്ചല്‍ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.

ആറുമാസം മുന്നെ തന്നെ സുനിതയെ കൊല്ലാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനായി ഏഞ്ചല്‍ നിരവധി കൊട്ടേഷന്‍ സംഘങ്ങളെ സമീപിച്ചിരുന്നു. 18 ലക്ഷം രൂപയാണ് കൊട്ടേഷന്‍ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ 10 ലക്ഷത്തിന് കൊട്ടേഷന്‍ ഉറപ്പിച്ചു. ഇതില്‍ 2.5 ലക്ഷം രൂപ രണ്ടു തവണകളിലായി കൊട്ടേഷന്‍ സംഘത്തിന് കൈമാറിയിരുന്നു. പദ്ധതി അവസാനമായി ആസൂത്രണം ചെയ്തത് ഒക്ടോബര്‍ 23ന് ആണ്. ഏഞ്ചല്‍ കൊലയാളി സംഘത്തിലെ ഓരോരുത്തര്‍ക്കും പ്രത്യേക ടാസ്‌കുകള്‍ നല്‍കിയിരുന്നു. മന്‍ജീത്തിന്റെ ദൗത്യം സുനിതയുടെ ദൈന്യംദിന കാര്യങ്ങള്‍ കൊട്ടേഷന്‍ സംഘത്തെ അറിയിക്കുകയായിരുന്നു. മന്‍ജീത്തിന്റെ ഡ്രൈവര്‍ കൂടിയായ രാജീവാണ് കൊട്ടേഷന്‍ സംഘത്തെ സുനിതയുടെ അടുത്തെത്തിച്ചത്.

സുനിതയുടെ ദേഹത്ത് മൂന്ന് തവണ വെടിയേറ്റു. വെടിയേറ്റയുടന്‍ സുനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സുനിതയുടെ ഡയറിക്കുറിപ്പുകളും കൊലയാളികളിലേക്കെത്താന്‍ പോലീസിനെ സഹായിച്ചു.