ഇരട്ടകൊലപാതക കേസിലെ പ്രതിയായ അമേരിക്കക്കാരന് വധശിക്ഷ നടപ്പിലാക്കിയത് വൈദ്യുത കസേരയില്‍ ഇരുത്തി

single-img
3 November 2018

ഇരട്ടകൊലപാതക കേസിലെ പ്രതിയായ അമേരിക്കയിലെ ടെന്നസി സ്വദേശിക്ക് വൈദ്യുത കസേരിയില്‍ ഇരുത്തി വധ ശിക്ഷ നടപ്പാക്കി. എഡ്മണ്ട് സകോര്‍സ്‌കി എന്ന 63 കാരനെയാണ് വ്യാഴാഴ്ച വധശിക്ഷയ്ക്ക് വിധേയമാക്കിയത്. വധശിക്ഷയെ പൈശാചികവും ക്രൂരവുമായ ശിക്ഷാരീതിയായിട്ടാണ് ലോകം വിലയിരുത്തുന്നത്.

പ്രതിയെ മരംകൊണ്ട് നിര്‍മിച്ച പ്രത്യേക കസേരയില്‍ ഇരുത്തി ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് കൊല്ലുകയായിരുന്നു. തല, ഇടതു കാല്‍ എന്നീ ഭാഗങ്ങളിലൂടെയാണ് വൈദ്യുതി കടത്തിവിടുന്നത്. ലോക വ്യാപകമായി ഈ ശിക്ഷാരീതിയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

മയക്കുമരുന്ന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒറ്റപ്പെട്ട പ്രദേശത്ത് രണ്ട് പേരെ എത്തിച്ച് കൊലപ്പെടുത്തിയെന്നാണ് സകോര്‍സ്‌കിയ്ക്ക് എതിരെയുള്ള കേസ്. 1983ല്‍ ആണ് കേസിനാസ്പദമായ സംഭവം. രണ്ട് ആഴ്ചയ്ക്ക് ശേഷം വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

35 വര്‍ഷങ്ങളായി ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു സകോര്‍സ്‌കി. യുഎസ് സുപ്രീം കോടതി അപ്പീല്‍ നിരസിച്ച സാഹചര്യത്തിലാണ് വധശിക്ഷ നടപ്പിലാക്കിയത്. നിലവില്‍ അമേരിക്കയില്‍ ഒന്‍പത് സംസ്ഥാനങ്ങള്‍ മാത്രമാണ് വധശിക്ഷ നടപ്പിലാക്കാന്‍ വൈദ്യുത കസേര ഉപയോഗിക്കുന്നത്.