കോഹ്‌ലിയെ താനുമായി താരതമ്യം ചെയ്യണ്ട: തുറന്നടിച്ച് സച്ചിന്‍

single-img
3 November 2018

കോഹ്‌ലി ഇതിഹാസതാരമായി വളരുക തന്നെ ചെയ്യുമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യ കണ്ട ഇതിഹാസതാരങ്ങളുടെ പേരില്‍ കോഹ്‌ലിയും ഉണ്ടാകുമെന്നും നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റഡിയത്തില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കവെ സച്ചിന്‍ പറഞ്ഞു.

ഇപ്പോള്‍ നിങ്ങള്‍ കോഹ്‌ലിയെ കുറിച്ച് പറയുന്നതു പോലെ ഞാന്‍ കളിച്ച 24 വര്‍ഷങ്ങളിലും ഞാന്‍ താരതമ്യങ്ങള്‍ക്ക് വിധേയനായിരുന്നു. എന്നാല്‍ ഞാന്‍ അവയില്‍ വിശ്വസിച്ചിട്ടില്ല. എനിക്കു മുന്‍പേ കളിച്ച ഇതിഹാസങ്ങളേക്കാള്‍ വലിയവനായിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. ക്രിക്കറ്റ് ഓരോ കാലഘട്ടത്തിലും മാറികൊണ്ടിരിക്കുന്നു. ഓരോ തലമുറയിലും ക്രിക്കറ്റ് വ്യത്യസ്തമാണ്. നിയമങ്ങളില്‍ മാറ്റം വന്നു.

നിയന്ത്രണങ്ങള്‍ മാറി, പിച്ചുകളും മൈതാനങ്ങളും പന്തുകള്‍ വരെ മാറി. ഓരോ ദിവസവും മാറ്റമുണ്ട്. 1960, 1970, 1980 എന്നീ കാലഘട്ടങ്ങളില്‍ ബൗളിങ് ഇതിഹാസങ്ങള്‍ തന്നെ നമുക്കുണ്ടായിരുന്നു. ഞാന്‍ കളിച്ചിരുന്ന കാലഘട്ടത്തിലുളള ബൗളര്‍മാരല്ല നിയമങ്ങളല്ല ഇന്നുളളത് അതുകൊണ്ട് താരതമ്യം വേണ്ട.

വ്യത്യസ്ത കാലഘട്ടങ്ങളിലുളള താരങ്ങളെ നമുക്ക് താരതമ്യം ചെയ്യാതിരിക്കാം. ക്രിക്കറ്റിനെ കുറിച്ച് നമുക്ക് സംസാരിക്കാം. കോഹ്‌ലി മിടുക്കനായ താരമാണ്. കുഞ്ഞിലെ മുതല്‍ അയാളിലെ പ്രതിഭയെ എനിക്കു വ്യക്തമായി അറിയാം. ഇതിഹാസതാരം തന്നെയാണ് അയാള്‍. ഞാനുമായി അയാളെ താരതമ്യം ചെയ്യരുത്. നാളെ ലോകം സംസാരിക്കാന്‍ പോകുന്നത് അയാളെ കുറിച്ചാണ് സച്ചിന്‍ പറഞ്ഞു.