ശബരിമല വിഷയം: എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ദേവസ്വം മന്ത്രി

single-img
3 November 2018

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം നിയമനങ്ങളിലെ സംവരണ പ്രശ്നത്തിലും എന്‍.എസ്.എസ് ഓഫീസിന് നേരെ നടന്ന ആക്രമണത്തിലും സര്‍ക്കാരിനെതിരെ സുകുമാരന്‍ നായര്‍ നടത്തിയ രൂക്ഷവിമര്‍‌ശനത്തിന് പിന്നാലെയാണ് കടകംപള്ളി ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ലെന്നും എന്നാല്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എന്‍എസ്എസിന് ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ മാത്രമല്ല, കേരളീയ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളിലും തങ്ങളുടെതായ നിലപാടുകള്‍ ഉള്ള പ്രസ്ഥാനമാണ്. ആ നിലപാട് ഉറക്കെ പറയാന്‍ അവര്‍ ഒരിക്കലും മടിച്ചിട്ടുമില്ല. അത്തരം നിലപാടുകളെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നവരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. ഏതെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് മാറ്റാന്‍ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാരിന് അക്കാര്യത്തില്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് മന്ത്രി കടകം പള്ളി പറഞ്ഞു.

ബി.ജെ.പിക്ക് സ്വാധീനമുള്ള മേലാംകോട് എന്‍.എസ്.എസ് ഓഫീസിന് നേരെയുള്ള ആക്രമണം സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യം വച്ചതാണെന്നും കടകംപള്ളി പറഞ്ഞു. അതേസമയം, എന്‍.എസ്.എസ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് സമീപത്തെ കെട്ടിടത്തില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.