മേധാവി എന്ന അധികാരം ഉപയോഗിച്ചാണ് പീഡിപ്പിച്ചത്;എം.ജെ.അക്ബറിന്റെ വാദം തള്ളി മാധ്യമപ്രവര്‍ത്തക

single-img
3 November 2018

ന്യൂഡല്‍ഹി: എം.ജെ.അക്ബറിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ വിദേശ മാധ്യമപ്രവര്‍ത്തക. പരസ്പര സമ്മതത്തോടുള്ള ബന്ധമായിരുന്നു മാധ്യമ പ്രവര്‍ത്തകയുമായി ഉണ്ടായിരുന്നതെന്ന അക്ബറിന്റെ അവകാശവാദം തെറ്റാണ്. സ്ഥാപനത്തിലെ മേധാവി എന്ന അധികാരം ഉപയോഗിച്ചാണ് പീഡിപ്പിച്ചത്. ബലം പ്രയോഗിച്ചാണ് അക്ബര്‍ തന്നെ ഉപദ്രവിച്ചിരുന്നതെന്നും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കി.

പ്രമുഖ മാധ്യമത്തിന്റെ ചീഫ് ബിസിനസ് എഡിറ്ററാണ് എം.ജെ അക്ബറിനെതിരെ കടുത്ത ആരോപണങ്ങളുടെ കെട്ടഴിച്ചത്. അക്ബറിന് കീഴില്‍ ഏഷ്യന്‍ഏജില്‍ ജേര്‍ണലിസ്റ്റായിരുന്ന കാലത്തായിരുന്നു അക്ബര്‍ ക്രൂരമായി പീഡിപ്പിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു. വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് അക്ബറിനെ തുറന്നു കാട്ടിയത്.

ഡല്‍ഹിയില്‍ നിന്നും ഏറെ അകലെയുള്ള ഗ്രാമത്തിലേക്ക് തന്നെ റിപ്പോര്‍ട്ടിംഗിനായി അയച്ചെന്നും അവിടെ നിന്ന് അക്ബര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടിരുന്നെന്നും അവിടെ വച്ച്‌ അക്ബര്‍ തന്നെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു.

ഇരുപതോളം വനിതാമാധ്യമപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലിന് ശേഷം രാജിവെച്ച അക്ബര്‍ പുതിയ വെളിപ്പെടുത്തലോടെ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.