അമ്മേ ചോറില്‍ വെള്ളമൊഴിക്കല്ലെ, ഞാനിതാ എത്തി; കാര്യവട്ടം ഏകദിനം കഴിഞ്ഞപ്പോള്‍ ട്രോളോട് ട്രോള്‍

single-img
2 November 2018

കാര്യവട്ടത്തെ ഇന്ത്യ വിന്‍ഡീസ് മത്സരം കാണാനെത്തിയവര്‍ ആകെ നിരാശയിലാണ്. ബാറ്റിംഗ് വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയവര്‍ക്ക് വിന്‍ഡീസിന്റെ പതനം കണ്ടു നില്‍ക്കാനെ സാധിച്ചുള്ളൂ. എന്നാല്‍ വെയില്‍ താഴ്ന്ന ശേഷം കളി കാണാന്‍ കയറാം എന്ന് കരുതി ടിക്കറ്റ് എടുത്തവരുടെ കാര്യമാണ് മഹാ കഷ്ടം.

ഗ്രൗണ്ടില്‍ എത്തുമ്പോഴേക്കും ഇന്ത്യയുടെ ബാറ്റിംഗ് തുടങ്ങിയിരുന്നു. 14.5 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. ഇതോടെ കളി കാണാന്‍ എത്തിയ ആരാധകര്‍ക്ക് കാര്യവട്ടം വലിയ നിരാശയാണ് സമ്മാനിച്ചത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകളാണ് പറക്കുന്നത്.

അതേസമയം നാലാം ഏകദിനം നടന്ന മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ എത്തിയതു കഷ്ടിച്ചു പതിനായിരം പേരാണെങ്കില്‍ കാര്യവട്ടം സ്റ്റേഡിയത്തിലതു നാലിരട്ടിയോളമായി. ഫൈനല്‍ മല്‍സരം കാണാന്‍ എത്തിയത് 38,000ല്‍ അധികം കാണികളാണ്.

സ്റ്റേഡിയത്തിനു പുറത്ത് ഉയര്‍ത്തിയ ധോണിയുടെ 35 അടി ഉയരത്തിലുള്ള കട്ടൗട്ടായിരുന്നു ഇന്നലെ ആരാധകരുടെ ഇഷ്ടകേന്ദ്രം. പ്രവേശനം അനുവദിച്ചിരുന്നതിനും മണിക്കൂറുകള്‍ക്ക് മുന്‍പേ കാണികള്‍ ഒഴുകിയെത്തി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനും കിലോമീറ്ററുകള്‍ മുന്‍പേ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി അണിഞ്ഞും മുഖത്ത് ചായം പൂശിയും ആരാധകരുടെ ചെറുസംഘങ്ങളെ കാണാമായിരുന്നു.

ധോണിയുടെ കട്ട ആരാധകനായ റാം ബാബുവും സച്ചിന്റെ ആരാധകനായ സുധീര്‍ കുമാറും കളി കാണാന്‍ എത്തിയിരുന്നു. നീല ജഴ്‌സി അണിഞ്ഞ കാണികള്‍ ഗാലറി കീഴടക്കി. ധോണിയുടെയും ക്യാപ്റ്റന്‍ കോഹ്‌ലിയുടെയും ജഴ്‌സി അണിഞ്ഞെത്തിയവരായിരുന്നു അധികവും. സിംഗിളിനും ബൗണ്ടറിക്കും ഒരേ ആവേശത്തോടെ അവര്‍ കയ്യടിച്ചു. വിന്‍ഡീസ് ടീമിനോടും ആരാധകര്‍ പ്രതിപക്ഷ ബഹുമാനം കാണിച്ചു. വെടിയും പുകയും പോലെ തീര്‍ന്ന മല്‍സരത്തിന്റെ എല്ലാ സമയവും കാണികള്‍ ഉല്‍സവാവേശം സൃഷ്ടിച്ചു.