കളി എന്‍എസ്എസിനോടു വേണ്ട: മുന്നറിയിപ്പുമായി സുകുമാരന്‍ നായര്‍

single-img
2 November 2018

കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ രൂക്ഷ വിമര്‍ശനവും മുന്നറിയിപ്പുമായി എന്‍എസ്എസ്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് അറിയാമെന്നും എന്‍എസ്എസിനോട് തീക്കളി വേണ്ടെന്നും സെക്രട്ടറി ജി.കുസുമാരന്‍ നായര്‍ വ്യക്തമാക്കി.

ഏതു സാഹചര്യങ്ങളെയും നേരിടാനുള്ള കരുത്ത് എന്‍എസ്എസിനും സമുദായാംഗങ്ങള്‍ക്കും ഉണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഹൈന്ദവ വിശ്വാസികള്‍ ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ദേവസ്വം റിക്രൂട്ട്‌മെന്റില്‍ പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തി എന്‍എസ്എസിനെ സന്തോഷിപ്പിക്കാന്‍ ശ്രമം നടക്കുന്നത്.

ദേവസ്വം നിയമനങ്ങളിലെ സംവരണം എന്നത് ഹൈന്ദവരെ മാത്രം സംബന്ധിക്കുന്ന വിഷയമാണ്. ഇതു സംബന്ധിച്ച് ചില ഭിന്നതകള്‍ നിലനില്‍ക്കുന്നുമുണ്ട്. ആ സാഹചര്യം മനസിലാക്കി, ഹിന്ദുക്കള്‍ക്കിടയില്‍ സംവരണത്തിന്റെ പേരില്‍ ഒരു ഭിന്നതയ്ക്കിടവരുന്നെങ്കില്‍ വരട്ടെ എന്ന ലക്ഷ്യം സര്‍ക്കാരിന് ഉണ്ടെന്ന് ആരെങ്കിലും സംശയിച്ചെങ്കില്‍ അതില്‍ തെറ്റുപറയാനാവില്ല.

നായര്‍ സര്‍വീസ് സൊസൈറ്റിയെ സംബന്ധിച്ചിടത്തോളം ദേവസ്വം നിയമനങ്ങളിലെ സംവരണം നടപ്പാക്കുന്നതിനേക്കാള്‍ പ്രധാനം ശബരിമലയിലെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതാണ്. അതിനുവേണ്ടി നിയമപരമായ നടപടികളും വിശ്വാസികളോടൊപ്പം ചേര്‍ന്ന് സമാധാനപരമായ പ്രതിഷേധങ്ങളും തുടരും. അതിന് ജാതിമതസമുദായഭേദങ്ങളില്ല. പ്രത്യേക രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.