‘തല്ലിക്കൊന്ന് കൊക്കയിലെറിയും’: സംഘപരിവാര്‍ ‘ബലിദാനിയാക്കിയ’ ശിവദാസന്‍ ആചാരി ബി.ജെ.പിക്കാര്‍ക്കെതിരെ നല്‍കിയ പരാതി പുറത്ത്; ബിജെപി നേതൃത്വം പ്രതിരോധത്തില്‍

single-img
2 November 2018

ശബരിമലക്ക് സമീപം ളാഹയില്‍ ഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ അവകാശവാദത്തിന് തിരിച്ചടിയായി ശിവദാസന്‍ ആചാരി ബി.ജെ.പി പ്രാദേശിക നേതൃത്വത്തിനെതിരെ നല്‍കിയ പരാതി പുറത്തു വന്നു. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍വാസികളും ആര്‍.എസ്.എസ് ബി.ജെ.പി അനുഭാവികളുമായ ചിലര്‍ക്കെതിരെ ശിവദാസന്‍ പന്തളം പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയാണ് പുറത്തുവന്നത്.

26/4/2018 ല്‍ ടൂവീലറില്‍ ലോട്ടറി കച്ചവടം നടത്തുന്ന തന്നെ, അയല്‍ വാസികളായ ചിലര്‍ വഴി നടക്കാന്‍ അനുവദിക്കുന്നില്ലെന്നും വഴിയില്‍ തടഞ്ഞ് ഉപദ്രവിക്കുന്നു എന്നുമായിരുന്നു പരാതിയില്‍ പറഞ്ഞത്. വാഹനം കത്തിക്കും എന്ന ഭീഷണി ഉള്ളതായും പരാതിയില്‍ പറയുന്നുണ്ട്.

ഇക്കാര്യം പൊലീസ് വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. പിറ്റേ ദിവസം എതിര്‍കക്ഷികളെ സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. ശിവദാസനെ ഇനി ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പ് നല്‍കിയാണ് ഇവര്‍ മടങ്ങിയത്. എന്നാല്‍ ഇതിന് ശേഷം പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ശിവദാസനെ സമീപിച്ചിരുന്നതായി ആരോപണമുണ്ട്.

പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ തല്ലിക്കൊന്ന് കൊക്കയിലെറിയുമെന്ന് ആര്‍.എസ്.എസ് നേതാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രദേശവാസികള്‍ ആരോപിക്കുന്നു. ശിവദാസനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസം രാത്രിയാണ്.

ശബരിമലയിലെ നിലയ്ക്കലില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തെ കാണാതായത് എന്നാരോപിച്ച് ബി.ജെ.പി മണിക്കൂറുകള്‍ക്കകം പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ നിലയ്ക്കലില്‍ നിന്നല്ല ഇദ്ദേഹത്തിന്റെ മൃതദേഹം കിട്ടിയതെന്ന് ഇതിനോടകം പോലീസും മറ്റു സാഹചര്യ തെളിവുകളും വ്യക്തമാക്കുന്നുണ്ട്.

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് നടപടികള്‍ അവസാനിക്കുന്നത് ഒക്ടോബര്‍ പതിനേഴാം തിയ്യതിയാണ്. അതിന് പിറ്റേന്ന് ഒക്ടോബര്‍ 18 നാണ് അച്ഛന്‍ ശബരിമലക്ക് പോയതെന്ന് മകന്റെ മൊഴിയില്‍ പറയുന്നു.

ഒക്ടോബര്‍ 19 ന് രാവിലെ ഒരു തമിഴ്‌നാട്ടുകാരന്റെ മൊബൈലില്‍ നിന്നും ശിവദാസന്‍ വീട്ടില്‍ വിളിച്ച് അമ്മയോട് താന്‍ തൊഴുതിട്ട് നില്‍ക്കുകയാണെന്ന് അറിയിച്ചു. ആ നമ്പറില്‍ തിരിച്ചു വിളിച്ചതായും ഒരു തമിഴ് സംസാരിക്കുന്നയാളാണ് ഫോണ്‍ എടുത്തതെന്നും മൊഴിയില്‍ പറയുന്നു.

ശിവദാസനെ പോലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നും, അതിനാല്‍ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിരുന്നു. അയ്യപ്പന്റെ ചിത്രം വെച്ച സൈക്കിളില്‍ ശബരിമലയിലേക്ക് പോകുമ്പോഴാണ് നിരപരാധിയായ ശിവദാസനെ പിണറായിയുടെ പോലീസ് അക്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാല്‍ പോലീസിന് നല്‍കിയ മൊഴിയില്‍ മകന്‍ പറയുന്നത് KL26 B 4905 എന്ന ലൂന എക്‌സല്‍ വാഹനത്തിലാണ് അച്ഛന്‍ ശബരിമലക്ക് പോയത് എന്നാണ്. അതേസമയം സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്ന സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.