മുത്തലാഖ്: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

single-img
2 November 2018

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സെപ്റ്റംബര്‍ 19 നാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.

രണ്ടു മാസത്തിനുശേഷം ഇതില്‍ ഇടപെടാനാവില്ലെന്ന് കോടതി നിലപാടെടുത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്ലായി വന്നാല്‍ നോക്കാമെന്നും കോടതി വ്യക്തമാക്കി. മുത്തലാഖിന്റെ പേരില്‍ ഭര്‍ത്താവിനെ ജയിലില്‍ അടച്ചാല്‍ വിവാഹബന്ധം കൂടുതല്‍ വഷളാകുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

വിവാഹമോചനത്തിന്റെ പേരില്‍ മുസ്ലീം മതത്തില്‍പ്പെട്ടവരെ മാത്രം കുറ്റക്കാരാക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതാ അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സുപ്രീംകോടതിയെ സമീപിച്ചത്.

മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്നാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. വാക്കുകള്‍ വഴിയോ ടെലിഫോണ്‍ കോള്‍ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്‌സാപ്, എസ്എംഎസ് വഴിയോ തലാഖ് ചൊല്ലുന്നതു നിയമവിധേയമല്ലെന്നും ബില്ലില്‍ പറയുന്നു.