അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ നഷ്ടപ്പെട്ടു: വെളിപ്പെടുത്തലുമായി സന്ദീപാനന്ദ ഗിരി

single-img
2 November 2018

തിരുവനന്തപുരം: ശബരിമലയിലെ തിരുവാഭരണങ്ങളില്‍ ചാര്‍ത്തിയ വിലയേറിയ വൈരങ്ങളും രത്‌നങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരിയുടെ വെളിപ്പെടുത്തല്‍. ഇത് കണ്ടത്തേണ്ടത് ദേവപ്രശ്‌നത്തിലൂടെയല്ലെന്നും ശരിയായ അന്വേഷണത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ കാര്യത്തിന്റെ ഗൗരവം മനസിലാക്കി അന്വേഷണം നടത്തണമെന്നും സന്ദീപാനന്ദ ഗിരി ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ മാദ്ധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആര്‍.എസ്.എസിനാണെന്ന് സന്ദീപാനന്ദഗിരി ആവര്‍ത്തിച്ചു.

സംഘപരിവാറിനു മുന്നില്‍ തലകുനിക്കുന്ന സന്യാസിമാരുണ്ടാകും. അല്ലാത്തവരും ഉണ്ട്. മറ്റു ചില സ്വാമികള്‍ ചെയ്യുന്നതുപോലെ തനിക്കു ചെയ്യാനാകില്ല. സംഘപരിവാറിന് അനുകൂലായി സംസാരിക്കാന്‍ പലതവണ നിര്‍ബന്ധിച്ചിട്ടുണ്ട്. ഓരോ വിഷയവും പഠിച്ചിട്ടാണു സംസാരിക്കുന്നത്.

കമ്യൂണിസം സംസാരിക്കാന്‍ പാര്‍ട്ടിക്കു തന്റെ ആവശ്യമില്ല. ഒരു കമ്യൂണിസ്റ്റും അതിനു നിര്‍ബന്ധിച്ചിട്ടുമില്ല. ആരുടെ വേദിയില്‍ പോകുന്നു എന്നല്ല എന്തു സംസാരിക്കുന്നു എന്നാണു നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആശ്രമത്തിനെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു.

സന്യാസിയുടെ ജീവിതത്തിനു ചേരാത്ത ഒരു സാഹചര്യവും ആശ്രമത്തിലില്ല. ആശ്രമത്തിന്റെ യഥാര്‍ഥ വരുമാനം അറിയണമെങ്കില്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ആര്‍ക്കും പരിശോധിക്കാം. അറിവിനു വലിയ വില കല്‍പിക്കുന്നവര്‍ ആശ്രമത്തെ സഹായിച്ചിട്ടുണ്ട്.

ആശ്രമത്തില്‍ ഹോം സ്റ്റേ ഉള്ളതു തെറ്റാണോയെന്ന് സന്ദീപാനന്ദഗിരി ചോദിച്ചു. ആശ്രമത്തില്‍ അതിഥികള്‍ വന്നാല്‍ താമസിക്കേണ്ടേ? ആശ്രമത്തിന്റെ കെട്ടിടത്തിനു നഗരസഭയില്‍ വലിയ നികുതി അടച്ചിട്ടുണ്ടെന്നു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. നഗരസഭ ഒരു ഇളവും തനിക്കു നല്‍കിയിട്ടില്ല. ആര്‍ക്കും രേഖകള്‍ പരിശോധിക്കാവുന്നതാണ്. ആശ്രമം ട്രസ്റ്റിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.

ആശ്രമത്തില്‍ തീപിടിച്ച ദിവസം വാതിലില്‍ ശക്തമായ ഇടി കേട്ടാണ് വാതില്‍ തുറന്നത്. അയല്‍ക്കാരാണു തീ കത്തുന്നതായി പറഞ്ഞത്. പുറത്ത് ആളുകള്‍ കൂടിയിരുന്നു. ഫയര്‍ എന്‍ജിന്‍ വന്നപ്പോഴാണു താന്‍ പുറത്തേക്ക് ഇറങ്ങിയത്. ഇതാണ് എല്ലാവരോടും നേരത്തേയും പറഞ്ഞിട്ടുള്ളത്.

എട്ടു മാസത്തില്‍ കൂടുതലായി ആശ്രമത്തിലെ സിസിടിവി കേടായിട്ട്. സാമ്പത്തികമായി ബുദ്ധിമുട്ടായതിനാലാണ് സിസിടിവി ശരിയാക്കാത്തത്. ആശ്രമത്തില്‍ ആരാണ് സിസിടിവി കൈകാര്യം ചെയ്യുന്നതെന്നു മനസിലാക്കി അയാളോടു മാധ്യമങ്ങള്‍ക്കു കാര്യങ്ങള്‍ ചോദിച്ചറിയാമെന്നും, അതാണു മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.