മോഹന്‍ലാലുമായി തെറ്റാനുള്ള കാരണം തുറന്നുപറഞ്ഞ് സംവിധായകന്‍ വിനയന്‍

single-img
2 November 2018

മോഹന്‍ലാലുമായുള്ള പ്രശ്‌നത്തിന്റെ കാരണം തുറന്നു പറഞ്ഞ് സംവിധായകന്‍ വിനയന്‍. താനും മോഹന്‍ലാലും തമ്മില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നും ചുറ്റുമുള്ളവരുടെയും ചില ആരാധകരുടെയും വാക്കുകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ പറയുന്നു.

‘സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ ചെയ്തതാണ് മോഹന്‍ലാലുമായി തെറ്റാന്‍ കാരണമായത്. മോഹന്‍ലാലിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് അങ്ങനെയൊരു സിനിമയെടുക്കാന്‍ തീരുമാനിക്കുന്നത്. 1990ലാണ് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം പുറത്തിറങ്ങിയത്. ആ ചിത്രത്തില്‍ മോഹന്‍ലാലുമായി രൂപസാദൃശ്യമുള്ള ഒരു നടനെ വിനയന്‍ അവതരിപ്പിച്ചിരുന്നു.

മോഹന്‍ലാലിന്റെ ഹിസ്‌ഹൈനസ് അബ്ദുള്ളക്കൊപ്പമാണ് സൂപ്പര്‍സ്റ്റാര്‍ റിലീസ് ചെയ്യുന്നത്. എന്നാല്‍ വിനയന്‍ സൂപ്പര്‍സ്റ്റാര്‍ ഇറക്കിയത് മോഹന്‍ലാലിനെ തകര്‍ക്കാനാണെന്ന് ചിലര്‍ പറഞ്ഞുപരത്തി. ഹിസ്‌ഹൈനസ് അബ്ദുള്ളയെപ്പോലൊരു സിനിമയെ തകര്‍ക്കാന്‍ വേണ്ടിയാണോ ഞാന്‍ ആ സിനിമ ഉണ്ടാക്കിയത്? എന്തൊരു വിഡ്ഡികളാണ് അവര്‍.

അദ്ദേഹത്തിന് ചുറ്റുമുള്ളവരും ചില ആരാധകരും ചേര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. അല്ലാതെ മോഹന്‍ലാലിന്റെ കുഴപ്പം കൊണ്ട് സംഭവിച്ചതല്ലെന്ന് വിനയന്‍ പറഞ്ഞു. പിന്നീടൊരിക്കല്‍ മോഹന്‍ലാലിനെ നേരിട്ട് കാണുകയും ആ പിണക്കം മാറുകയും ചെയ്തു.

പൊള്ളാച്ചിയില്‍ ഞാനൊരു തമിഴ് ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു ചിത്രം ഒരുമിച്ച് ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്താണ് ഫിലിം ചേംബറിന്റെ പ്രശ്‌നമുണ്ടാകുന്നത്. നടന്മാരും നടിമാരും സിനിമകളില്‍ കരാര്‍ ഒപ്പുവെക്കണം എന്ന് ചേംബര്‍ പറഞ്ഞു. എന്നാല്‍ അമ്മ അതിനെ എതിര്‍ത്തു.

ആ വിഷയത്തില്‍ ഞാന്‍ ചേംബറിനൊപ്പമായിരുന്നു. ആ കരാര്‍ നല്ലതാണെന്ന് എനിക്ക് തോന്നി. ലക്ഷങ്ങള്‍ മുടക്കുന്ന ഒരു കച്ചവടമാണ് സിനിമ. അതില്‍ ഒരു കരാര്‍ ഉണ്ടാകുന്നതില്‍ എന്താണ് പ്രശ്‌നം? ആ വിഷയത്തില്‍ വീണ്ടും അഭിപ്രായവ്യത്യാസമുണ്ടായി. ഞാനും ലാലും എതിര്‍വശത്തായി. അങ്ങനെ വീണ്ടും തെറ്റിയെന്നും വിനയന്‍ പറഞ്ഞു.