കുവൈത്തില്‍ വ്യാജ കമ്പനികളുടെ വിസയില്‍ എത്തിയ 3000 പ്രവാസികള്‍ക്കായി അന്വേഷണം തുടങ്ങി

single-img
2 November 2018

വിവിധ രാജ്യക്കാരായ മൂവായിരത്തോളം പേര്‍ വ്യാജ കമ്പനികളുടെ പേരിലെടുത്ത വിസയില്‍ കുവൈറ്റിലെത്തിയെന്ന് പൊലീസ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജലീബ് അല്‍ ഷുയൂഖില്‍ കഴിഞ്ഞ ദിവസം നടത്തിയ പതിവ് പരിശോധനയില്‍ ഇത്തരത്തില്‍ ചിലരെ പിടികൂടിയിട്ടുണ്ട്.

പിടിയിലായവരില്‍ നിന്ന് കിട്ടിയ വിവരങ്ങളില്‍ നിന്നാണ് വലിയ മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. പണം നല്‍കിയാണ് വിസ വാങ്ങിയതെന്ന് ഇവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. രാജ്യത്ത് കടന്നശേഷം ഈ കമ്പനികളില്‍ ഇവര്‍ ജോലി ചെയ്തിട്ടില്ല.

1500 മുതല്‍ 3000 വരെ കുവൈറ്റ് ദിനാര്‍ നല്‍കിയാണ് കമ്പനി ഉടമകള്‍ വിസ നല്‍കിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ഈ വ്യാജ കമ്പനികള്‍ കരാറുകള്‍ ഉണ്ടായിക്കിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള മൂന്ന് കമ്പനികളുടെ ഉടമകളെയും തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ച മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തു.

സിറിയന്‍ വംശജനാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. 90 ഓളം പേരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 2900ലധികം പേരെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.