പൊലീസിന്റെ മുന്നറിയിപ്പ് വകവെക്കാതെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് കെ.സുരേന്ദ്രന്‍

single-img
2 November 2018

നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന വ്യാജപ്രചരണം ഏറ്റുപിടിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനും. ഈ കൊലയ്ക്കുത്തരവാദി പിണറായി വിജയനാണെന്നും ഇനിയും പിണറായി വിശ്വാസികളെ കൊന്നൊടുക്കാന്‍ കോപ്പുകൂട്ടുന്നുണ്ടെന്നുമാണ് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ സുരേന്ദ്രന്‍ ആരോപിക്കുന്നത്.

ശബരിമലയെ മുന്‍നിര്‍ത്തിയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന പൊലീസിന്റെ മുന്നറിയിപ്പ് വകവെക്കാതെയാണ് സുരേന്ദ്രന്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. സംഘപരിവാറിന്റെ ഈ പ്രചരണത്തിനെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി രംഗത്തെത്തിയിട്ടുണ്ട്.

‘ഈ കൊലയ്ക്കുത്തരവാദി പിണറായി വിജയനാണ്. അയ്യപ്പധര്‍മ്മം കാക്കാന്‍ ബലിദാനിയായ ശ്രീ ശിവദാസ്, അങ്ങയുടെ വീരബലിദാനം അയ്യപ്പധര്‍മ്മം നിലനില്‍ക്കുന്നിടത്തോളം കാലം ഓര്‍മ്മിക്കപ്പെടും. ഇനിയും പിണറായി കോപ്പുകൂട്ടുന്നുണ്ട് വിശ്വാസികളെ കൊന്നൊടുക്കാന്‍. അഞ്ചാംതീയതി നടതുറക്കുമ്പേള്‍ ഇതും ഇതിലപ്പുറവും പിണറായിയുടെ പോലീസ് ചെയ്യും. ആയിരങ്ങളെ ഇല്ലാതാക്കിയാലും പിണറായി വിജയന്റെ ഉള്ളിലിരിപ്പ് നടക്കാന്‍ പോകുന്നില്ല’. എന്നാണ് സുരേന്ദ്രന്‍ കുറിച്ചത്.

അയ്യപ്പ ഭക്തന്റെ മരണം: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെല്ലാം കുടുങ്ങും

അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്. മരിച്ചയാള്‍ നിലയ്ക്കലില്‍ ഉണ്ടായ പൊലീസ് നടപടിയെ തുടര്‍ന്നാണ് മരിച്ചതെന്ന നിലയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവുമില്ല.

മറിച്ചുള്ള പ്രചരണങ്ങള്‍ സമൂഹത്തില്‍ കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. നിലയ്ക്കലില്‍ ഉണ്ടായ പൊലീസ് നടപടിയിലാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രചരണം. എന്നാല്‍ ഇയാളുടെ മൃതദേഹവും വാഹനവും കണ്ടെത്തിയത് ളാഹയിലാണ്.

മാത്രമല്ല 19 ന് ഇയാള്‍ ശബരിമല ദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ 17 ാം തിയതി നിലയ്ക്കലെ പൊലീസ് നടപടികള്‍ അവസാനിച്ചിരുന്നു. അതിന് ശേഷമാണ് മരണം നടന്നത്. എന്നാല്‍ കേരളാ പൊലീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ പൊലീസ് നടപടിയെ തുടര്‍ന്നാണ് മരണം എന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ മുന്നറിയിപ്പ് ഉണ്ട്. അയ്യപ്പ ഭക്തന്‍ മരിച്ചത് പൊലീസ് നടപടിയെ തുടര്‍ന്നാണെന്ന് ആരോപിച്ച് ബിജെപി ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.