സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ആശങ്ക വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്: ട്രഷറികള്‍ ഇന്ന് രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കും

single-img
2 November 2018

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികള്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകുന്നു. വിസമ്മതപത്രം നല്‍കാത്തവരുടെ ശമ്പളം പിടിക്കാന്‍ നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ശമ്പളം ബില്ലില്‍ ചെയ്ത ക്രമീകരണമാണ് ഇപ്പോഴുള്ള പ്രശ്‌നത്തിന് കാരണം.

എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ആശങ്ക വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശമ്പള വിതരണം യഥാസമയം പൂര്‍ത്തിയാക്കും. ട്രഷറികള്‍ ഇന്ന് രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കും. ഇന്ന് ട്രഷറികളിലെത്തുന്ന മുഴുവന്‍ ബില്ലുകളും ഇന്നുതന്നെ പാസാക്കുമെന്നും ട്രഷറികളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് ആദ്യ ദിനം ശമ്പളം ലഭിച്ചു വന്നിരുന്നത്. ഇതിന്റെ നാലിലൊന്നു പേര്‍ക്കു മാത്രമാണ് വ്യാഴാഴ്ച ശമ്പളം വിതരണം ചെയ്യാനായത്. സമ്മതപത്രവുമായി ബന്ധപ്പെട്ടു ധനവകുപ്പു പലപ്പോഴായി ഇറക്കിയ ഉത്തരവുകളിലെ ആശയക്കുഴപ്പത്തെയും സമ്മതപത്രം വാങ്ങിത്തരുന്നതുവരെ ശമ്പള ബില്ലുകള്‍ വൈകിപ്പിക്കാനുള്ള ഭരണാനുകൂല സംഘടനകളുടെ നിര്‍ദേശത്തേയും തുടര്‍ന്നാണു ശമ്പളം വൈകിയത്.