ആകാശത്ത് വെച്ച് ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് 45 സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍

single-img
2 November 2018

രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍. എയര്‍ട്രാഫിക് കണ്‍ട്രോളിന്റെയും പൈലറ്റിന്റെയും സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച ഇന്ത്യ ബംഗ്ലാദേശ് വ്യോമാതിര്‍ത്തിയിലായിരുന്നു സംഭവം. 45 സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് കൂട്ടിയിടി ഒഴിവായത്.

കൊല്‍ക്കത്തയിലെ എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ സമയോചിത ഇടപെടലാണ് കൂട്ടിയിടി ഒഴിവാക്കിയത്. രണ്ടു വിമാനങ്ങളും നേര്‍ക്കുനേര്‍ പറന്നുവരികയാണെന്നു മനസിലാക്കിയ എയര്‍ട്രാഫിക് കണ്‍ട്രോള്‍ റൂം ഒരു വിമാനത്തോട് വലത്തോട്ട് തിരിഞ്ഞ് താഴ്ന്നു പറക്കാന്‍ ആവശ്യപ്പെട്ടു. രണ്ടാമത്തെ വിമാനം അതേ നിലയില്‍ തന്നെ പറക്കാനും നിര്‍ദേശിച്ചു.

ഇതോടെ രണ്ടു വിമാനങ്ങളും സുരക്ഷിത അകലത്തില്‍ കടന്നുപോകുകയായിരുന്നു. ഒരു വിമാനം ചെന്നൈയില്‍നിന്നും ഗോഹട്ടിയിലേക്കു പോകുകയായിരുന്നു. രണ്ടാമത്തെ വിമാനം ഗോഹട്ടിയില്‍നിന്നും കൊല്‍ക്കത്തയ്ക്കും വരികയായിരുന്നു. സംഭവസമയം ഗോഹട്ടി വിമാനം 35000 അടി ഉയരത്തിലാണ് സഞ്ചരിച്ചിരുന്നത്.

കൊല്‍ക്കത്ത വിമാനം 36000 അടി ഉയരത്തിലും. എന്നാല്‍ ബംഗ്ലാദേശ് എയര്‍ട്രാഫിക് കണ്‍ട്രോളില്‍നിന്ന് കൊല്‍ക്കത്ത വിമാനത്തിന് താഴ്ന്നുപറക്കാന്‍ നിര്‍ദേശം ലഭിച്ചു. തുടര്‍ന്ന് കൊല്‍ക്കത്ത വിമാനം 35000 അടിയിലേക്ക് താഴ്ന്നു. ഇതോടെയാണ് ഇരുവിമാനങ്ങളും നേര്‍ക്കുനേര്‍ വന്നത്.