ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ ‘ബീഫ് നിരോധനം’

single-img
2 November 2018

രണ്ടു മാസം നീളുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവില്‍ മാറ്റങ്ങള്‍ വരുത്താന്‍ നീക്കം. ഇന്ത്യന്‍ ടീമിന്റെ ഭക്ഷണ മെനുവില്‍നിന്ന് ബീഫ് വിഭവങ്ങള്‍ ഒഴിവാക്കുന്നതിനാണ് ബിസിസിഐ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് അഭ്യര്‍ഥിച്ചത്.

ഇതിന്റെ ഭാഗമായി ബിസിസിഐയുടെ രണ്ടംഗ പ്രതിനിധി സംഘം ഓസ്‌ട്രേലിയയിലെത്തി. വേദികള്‍ പരിശോധിച്ചശേഷം ഭക്ഷണമെനുവിലെ മാറ്റത്തെക്കുറിച്ചും ഇവര്‍ ഓസ്‌ട്രേലിയയെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘നേരത്തെ താരങ്ങള്‍ക്ക് കര്‍ശനമായ ഭക്ഷണനിയന്ത്രണങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി. പരമ്പരയ്ക്കിടയില്‍ അച്ചടക്കം പാലിക്കുകയെന്നത് അവരുടെയും ഉത്തരവാദിത്വമാണ്’ ബി.സി.സി.ഐയുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

നേരത്തേ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയും ഭക്ഷണം സംബന്ധിച്ച് ഒച്ചപ്പാടുകള്‍ ഉണ്ടായിരുന്നു. ലോര്‍ഡ്‌സില്‍ വച്ച് ഉച്ചഭക്ഷണത്തിന് ഇന്ത്യന്‍ ടീമിന് വരട്ടിയ ബീഫ് പാസ്ത വിളമ്പിയതായിരുന്നു പ്രശ്‌നങ്ങള്‍ക്കു കാരണം. ഇവിടത്തെ മെനുവിന്റെ ചിത്രം ബിസിസിഐ പിന്നീട് ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ രോഷവും ഇതിന്റെ പേരില്‍ ഉയര്‍ന്നു. നവംബര്‍ 21നാണ് ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു തുടക്കമാകുന്നത്. നാല് ടെസ്റ്റ്, മൂന്ന് ഏകദിനം, മൂന്ന് ട്വന്റി20 മല്‍സരങ്ങളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക.