രാജസ്ഥാനില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് പ്രീ പോള്‍ സര്‍വേ

single-img
2 November 2018

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ടൈംസ്‌നൗ സിഎന്‍എക്‌സ് പ്രീ പോള്‍ സര്‍വേ. 200 അംഗ സഭയില്‍ 110നും 120നും ഇടയില്‍ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. ബിജെപി 70-80 സീറ്റുകള്‍ നേടും.

67 മണ്ഡലങ്ങളില്‍ നിന്നായി 8040 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. 43.5 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നും 40.37 ശതമാനം ബിജെപിക്ക് ലഭിക്കുമെന്നും സര്‍വേ പറയുന്നു. മറ്റുള്ളവര്‍ക്ക് 13.55 ശതമാനവും ബിഎസ്പിക്ക് ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.

2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 163 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലേറിയത്. കോണ്‍ഗ്രസിന് വെറും 21 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. അതേസമയം മുഖ്യമന്ത്രിയെന്ന നിലയില്‍ വസുന്ധര രാജെ പരാജയമാണെന്നാണ് 48 ശതമാനത്തിന്റെ വിലയിരുത്തല്‍.

കോണ്‍ഗ്രസിന്റെ അശോക് ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 30.82 ശതമാനം പേര്‍ പിന്തുണച്ചു. മുന്‍ ബി.ജെ.പി നേതാവ് ഘനശ്യാം തിവാരിയുടെ ഭാരത് വാഹിനി പാര്‍ട്ടി ബി.ജെ.പിയുടെ നിര്‍ണായക വോട്ടുകള്‍ പിടിക്കുമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു.