അയ്യപ്പ ഭക്തന്‍ പൊലീസ് നടപടിക്കിടെ മരിച്ചെന്ന സംഘപരിവാര്‍ പ്രചാരണം പൊളിഞ്ഞു; വ്യാജപ്രചരണത്തില്‍ ഹര്‍ത്താല്‍ നടത്തിയ ബിജെപിക്കാര്‍ കുരുക്കില്‍

single-img
2 November 2018

പത്തനംതിട്ട ളാഹ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്റെ മരണം പൊലീസ് നടപടി മൂലമല്ലെന്ന വാദം ബലപ്പെടുന്നു. ശിവദാസന്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത് ഒക്ടോബര്‍ 18ന് രാവിലെയാണെന്ന് മകന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

19ന് ക്ഷേത്ര ദര്‍ശനത്തിനുശേഷം വീട്ടിലേക്ക് ശിവദാസന്‍ വിളിച്ചിരുന്നതായും 25ന് പന്തളം പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. 19ന് ദര്‍ശനം കഴിഞ്ഞ് ശിവദാസന്‍ വീട്ടിലേക്ക് വിളിച്ചിരുന്നതായി ഭാര്യ ലളിതയും മാധ്യമങ്ങളോട് പറഞ്ഞു. നിലയ്ക്കലില്‍ പൊലീസ് നടപടിയുണ്ടായത് 16, 17 തിയതികളിലാണ്.

അതിനുശേഷമാണ് ശിവദാസന്‍ വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് വീട്ടുകാരുടെ പരാതിപ്രകാരം വ്യക്തമാണ്. കഴിഞ്ഞ ദിവസം പത്തനംതിട്ട എസ്.പിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ 16, 17നും പമ്പയിലെ പൊലീസ് നടപടിയില്‍ ശിവദാസന്‍ മരിച്ചെന്നാണ് ബി.ജെ.പി പ്രചാരണം. ഈ വിഷയം ഉന്നയിച്ചാണ് പത്തനംതിട്ടയില്‍ ബി.ജെ.പി ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നത്.

പത്തനംതിട്ട നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍ പമ്പ റൂട്ടിലാണ്. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്.

അതായത് പൊലീസ് നടപടിയെതുടര്‍ന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കല്‍ പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന് ചിന്തിക്കുമ്പോള്‍ തന്നെ ഈ വ്യാജവാര്‍ത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

മരിച്ചയാളുടെ മോപ്പഡ് (മോട്ടര്‍സൈക്കിള്‍) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നില്‍ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളതെന്നും പൊലീസ് പത്രക്കുറിപ്പില്‍ പറയുന്നു. വ്യാജവാര്‍ത്ത നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിളള, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പൊലീസിനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിച്ച് രംഗത്ത് വന്ന സാഹചര്യത്തിലാണ് വിശദീകരണം. അതേസമയം പത്തനംതിട്ട ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ പൂര്‍ണമാണ്. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നില്ല. കടകമ്പോളങ്ങളും തുറന്നിട്ടില്ല.