ബിജെപിക്ക് ഇക്കുറിയും അക്കൗണ്ട് തുറക്കാനാവില്ലെന്ന് റിപ്പബ്ലിക് ടിവി സര്‍വേ; എല്‍ഡിഎഫ് തകരും; യു.ഡി.എഫിന് 16 സീറ്റുകള്‍ ലഭിക്കും

single-img
2 November 2018

ശബരിമല വിഷയത്തില്‍ എത്ര വലിയ പ്രക്ഷോഭങ്ങള്‍ നടത്തിയാലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് ബിജെപിക്ക് ഗുണകരമാകില്ലെന്ന് സര്‍വേ. നവംബറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍പ്പോലും കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കില്ലെന്ന് റിപ്പബ്ലിക് ടിവി, സീ–വോട്ടര്‍ സര്‍വേകള്‍ പറയുന്നു.

കേരളത്തില്‍ ആകെയുള്ള 20 സീറ്റില്‍ പതിനാറും യുഡിഎഫ് സ്വന്തമാക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന്റെ സീറ്റുകള്‍ നാലായി ചുരുങ്ങും. കേരളത്തില്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന ബിജെപിക്ക് ഇക്കുറിയും അക്കൗണ്ട് തുറക്കാനാകില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.

യുഡിഎഫിന്റെ വോട്ട് ഷെയര്‍ 40.4 ശതമാനമാകും. എല്‍ഡിഎഫിന്റേത് 29.3 ശതമാനമായി കുറയും. ബിജെപിയുടെ വോട്ട് ഷെയര്‍ 17.5 ശതമാനമാകും. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും വോട്ടുകള്‍ ബിജെപിയിലെത്തുമെന്നും സര്‍വെ പറയുന്നു.

യുഡിഎഫില്‍ പതിനാറില്‍ പത്തും കോണ്‍ഗ്രസാകും നേടുക. നിലവില്‍ പന്ത്രണ്ട് സീറ്റുകള്‍ യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതിന് പുറമെ എല്‍ഡിഎഫിന്റെ നാല് സീറ്റുകള്‍ കൂടി യുഡിഎഫ് പിടിച്ചെടുക്കും. വോട്ട് ഷെയറിലുണ്ടാകുന്ന നഷ്ടം എല്‍ഡിഎഫിന് വലിയ തിരിച്ചടിയാകുമെന്നും സര്‍വെ പറയുന്നു. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കാനുള്ള സാധ്യത സര്‍വെ നല്‍കുന്നില്ല.

ശബരിമല വിഷയത്തില്‍ ആയിരങ്ങളെ തെരുവിലിറക്കാന്‍ ബി.ജെ.പിക്ക് സാധിച്ചെങ്കിലും അത് വോട്ടാക്കി മാറ്റാന്‍ കഴിയില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണത്തെ 10 ശതമാനം വോട്ടില്‍ നിന്നും 17 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുമെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും പ്രതിനിധിയെ അയയ്ക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല.

ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നേരിട്ടെത്തി റാലികള്‍ നടത്തിയതിന്റെ നേട്ടം കൊയ്യുന്നത് യു.ഡി.എഫായിരിക്കും. ഇന്ധനവില, നോട്ട് നിരോധനം തുടങ്ങിയ കാര്യങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ സി.പി.എമ്മിന് പകരം ജനങ്ങള്‍ യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, റിപബ്ലിക് ടി.വിയുടെ സര്‍വേയില്‍ പല പൊരുത്തക്കേടുകളും ഉണ്ടാകുമെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്. മുന്നണികള്‍ക്ക് ലഭിക്കുന്ന വോട്ട് ശതമാനത്തിലെ അന്തരമാണ് മിക്കവരും ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്തെ രണ്ട് പ്രബല മുന്നണികള്‍ തമ്മില്‍ 20 ശതമാനത്തോളം വോട്ട് ശതമാനത്തില്‍ വ്യത്യാസമുണ്ടാകുന്നത് പതിവല്ലന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം. വരും ദിവസങ്ങളില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയാമെന്നും സര്‍വേയില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഇനിയും മാറാമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.